തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ല സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ഈ മാസം 30ന് വിധിപറയും. ഒന്നാം പ്രതി കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടം മഷറിക് മഹല്ലിൽ മുഹമ്മദ് അലി (35), രണ്ടാം പ്രതി തലശ്ശേരി തിരുവങ്ങാട് വിൻസം വീട്ടിൽ സുജീഷ് (41), നാലാം പ്രതി വെള്ളിക്കുളങ്ങര വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ- 40), പതിനൊന്നാം പ്രതി വെള്ളാങ്കല്ലൂർ വെള്ളക്കാട് തരൂപ്പിടികയിൽ ഷുക്കൂർ (24), പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി മുഴകുന്ന് സക്കീന മൻസിലിൽ അബ്ദുറഹീം (35), ഇരുപതാം പ്രതി വെള്ളിക്കുളങ്ങര കോടാലി ദീപ്തി (34) എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയായത്.
ഒന്നരക്കോടി രൂപ പിടിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നതെന്നും, എന്നാല്‍ ആകെ 25 ലക്ഷം രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്നും അക്കാരണത്താല്‍ വിചാരണക്ക് വരുമ്പോള്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ വാദിച്ചു. തനിക്കെതിരെ മറ്റു കേസുകള്‍ ഇല്ലെന്നും മറ്റു പ്രതികള്‍ വിളിച്ചതുപ്രകാരം പോയതാണെന്നുമാണ് രണ്ടാം പ്രതിയുടെ വാദം.
തനിക്ക് കൊച്ചുകുട്ടിയുണ്ടെന്നും അനുസരിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് പേടിച്ച് ഭര്‍ത്താവ് ഏൽപിച്ച പണം സൂക്ഷിച്ചുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും കേസിലെ മൂന്നാം പ്രതി രഞ്ജിത്തിെൻറ ഭാര്യയും 20ാം പ്രതിയുമായ ദീപ്തി വാദിച്ചു. പ്രതികള്‍ ഒന്നിച്ച് ആസൂത്രിതമായി ചെയ്ത കൊള്ളയാണെന്നും രണ്ട് കോടിക്കടുത്ത് പണം ഇനിയും കണ്ടെടുക്കാനുണ്ടെന്നും അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയബന്ധമുള്ള കേസായതിനാല്‍ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാനിടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
കുഴല്‍പണം കടത്തുന്നവരെ കൊള്ളയടിക്കുന്ന വിവിധ കേസുകളിലെ പ്രതികളാണ് ഹരജിക്കാരെന്നും അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.