തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ കാറിൽ ഉണ്ടായിരുന്നത് മൂന്നര കോടി രൂപ തന്നെയെന്ന് മൊഴി. യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കും ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജുമാണ് അന്വേഷണ സംഘത്തോട് ഇത് വെളിപ്പെടുത്തിയത്. ശനിയാഴ്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. സുനിൽ നായിക്കിനെയും ധർമരാജിനെയും വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞുമാണ് ഇരുവരെയും ചോദ്യം ചെയ്തത്. പൊലീസ് ക്ലബിൽ ചോദ്യം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
വാഹനാപകടമുണ്ടാക്കി കാറിൽനിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജ്, ഡ്രൈവർ ഷംജീറിെൻറ പേരിൽ കൊടകര പൊലീസിൽ പരാതി നൽകിയത്.
എന്നാൽ തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച മൂന്നരക്കോടിയോളമാണ് കവർച്ച ചെയ്തതെന്നായിരുന്നു ആരോപണം. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക പൊലീസ് പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണ് ഇതെന്നും രേഖകളുണ്ടെന്നുമാണ് ധർമരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ രേഖകൾ എത്തിച്ചിരുന്നില്ല.
പണമിടപാടുമായി ബന്ധപ്പെട്ട് ഇവർ സൂചന നൽകിയ ചില നേതാക്കളെ കേന്ദ്രീകരിച്ചും പ്രതികളുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്യും. പണം ആർക്ക് കൊണ്ടുപോവുകയായിരുന്നുവെന്നതിന് വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പണം കൊടുത്തുവിട്ട ആളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
അതേസമയം കള്ളപ്പണമെന്ന് സ്ഥിരീകരണമായതോടെ കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറുന്നത് പരിശോധിക്കുകയാണ്. എൽ.ജെ.ഡി നേതാവ് സലീം മടവൂർ ഇ.ഡിക്ക് നേരിട്ട് പരാതി നൽകിയിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. കേസിൽ പ്രതിയുടെ ഭാര്യയുൾപ്പെടെ 20 പേരാണ് അറസ്റ്റിലായത്. ഏപ്രിൽ മൂന്നിന് കൊടകര മേൽപാലത്തിന് സമീപമാണ് വാഹനാപകടമുണ്ടാക്കി പണം കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.