ന്യൂഡൽഹി: ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി. വെള്ളപ്പൊക്ക കെടുതിയിൽനിന്ന് ചെങ്ങന്നൂർ നിവാസികളെ രക്ഷിക്കുന്നതിന് സജി ചെറിയാൻ ഉണർന്നു പ്രവർത്തിച്ചില്ലെന്നും പകരം നിലവിളിക്കുക മാത്രമാണ് ചെയ്തതെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
ഡാമുകൾ തുറന്നുവിട്ട് വെള്ളം ഉയരുകയും പരിഭ്രാന്തി പടരുകയും ചെയ്ത നേരത്ത് ചെങ്ങന്നൂരിൽ ‘സരസ്’ എന്ന പേരിൽ കുടുംബശ്രീ മേളയുടെ ക്രമീകരണങ്ങളുമായി നടക്കുകയായിരുന്നു സജി ചെറിയാൻ. ചെങ്ങന്നൂരിൽനിന്ന് ആളുകളെ നേരത്തേ മാറ്റിപ്പാർപ്പിക്കാൻ എം.എൽ.എ മുൻകൈ എടുത്തില്ല. ഭരണസൗകര്യം ഉണ്ടായിട്ടും സർക്കാർ സഹായം ലഭ്യമാക്കിയില്ല. കാര്യങ്ങൾ പിടിവിട്ടപ്പോൾ ചാനലുകളിൽ നിലവിളിക്കുക മാത്രമാണ് ചെയ്തത്.
പ്രളയക്കെടുതി ചർച്ചചെയ്യാൻ മാത്രമായി നടന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ചെങ്ങന്നൂരിെൻറ പ്രതിനിധിക്ക് സംസാരിക്കാൻപോലും കഴിഞ്ഞില്ല. സി.പി.എം അവസരം നൽകിയില്ല. അവിടത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി അവതരിപ്പിക്കാൻ ആളില്ലാതെ പോയത് ഖേദകരമാണ്. എം.എൽ.എയായി തുടരാൻതന്നെ സജി ചെറിയാന് ധാർമിക അവകാശമില്ല. പാർട്ടിക്ക് വിശ്വാസമില്ലാത്ത എം.എൽ.എ തുടരുന്നതിൽ അർഥമില്ല.
സ്ഥലം എം.എൽ.എയെ കിട്ടാതെവന്നതിെൻറ രോഷം പല കേന്ദ്രങ്ങളിലും തനിക്ക് നേരിടേണ്ടി വന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ സ്ഥലം എം.എൽ.എക്ക് ചാനലിൽ കയറി നിലവിളിക്കേണ്ടിവരില്ലായിരുന്നു. ചെങ്ങന്നൂർ നേരിട്ട പ്രതിസന്ധി പാർലമെൻറിൽ താൻ ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.