തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച നിഘണ്ടുവിൽനിന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോടിയേരി വിമർശനം ഉന്നയിച്ചത്.
കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തിൽനിന്ന് വെട്ടിമാറ്റുന്നവർ നാളെ സ്വാതന്ത്ര്യ സമരത്തിന് േനതൃത്വം നൽകിയ മൗലാന അബുൽ കലാം ആസാദ്, ഡോ. അൻസാരി, ഹക്കീം അജ്മൽ ഖാൻ, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, ഇ.എം.എസ്, എ.കെ.ജി, ഹർകിഷൻ സിങ് സുർജിത്, മുസാഫർ അഹമ്മദ്, പി. സുന്ദരയ്യ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകൾ ഛേദിക്കാൻ കത്രികകളുമായി ഇറങ്ങിയേക്കാമെന്ന് കോടിയേരി പറയുന്നു.
ബ്രിട്ടീഷുകാരെ ഒരു ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങൾ. ഖിലാഫത്ത് പ്രസ്ഥാനം ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. ഇസ്ലാംമത വിശ്വാസികളായിരുന്നപ്പോഴും അവർ ഇന്ത്യൻ ദേശീയതയെ ഉൾക്കൊണ്ടു.
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ സമുദായക്കാരടക്കം ലക്ഷോപലക്ഷംപേർ രക്തസാക്ഷികളായി. അത്തരം രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തിൽനിന്ന് വെട്ടിമാറ്റുന്നവർ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മൗലാന അബുൾ കലാം ആസാദ്, ഡോ. അൻസാരി, ഹക്കീം അജ്മൽ ഖാൻ, ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഇ എം എസ്, എ കെ ജി, ഹർകിഷൻ സിങ് സുർജിത്, മുസാഫർ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകൾ ഛേദിക്കാൻ കത്രികകളുമായി ഇറങ്ങിയേക്കാം.
ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോൺഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കൾപോലും സ്വീകരിച്ചത്. ഇന്ത്യയെന്ന സുന്ദരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് വിശേഷിപ്പിച്ചവരുടെ നിരയായിരുന്നു അന്നത്തെ ദേശീയ നേതൃത്വം.
മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് ആശയ പരിസരത്തുനിന്ന് മൗലാന അബുൾ കലാം ആസാദ് ഒരു സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം ഈ വേളയിൽ ഓർക്കേണ്ടതാണ്. ഇന്ന് സ്വർഗത്തിൽനിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ മുകളിൽനിന്ന് നമ്മോടിങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് കരുതുക: "ഹിന്ദു- മുസ്ലിം ഐക്യത്തെ ഇന്ത്യ ഉപേക്ഷിക്കുകയാണെങ്കിൽ സ്വരാജ് നിങ്ങൾക്ക് അടുത്ത 24 മണിക്കൂറുകൾക്കകം ലഭ്യമാക്കും. അങ്ങനെയെങ്കിൽ ഞാൻ സ്വരാജിനെ ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ഐക്യത്തെ മുറുകെ പിടിക്കും. സ്വരാജിന് താമസം നേരിടുന്നത് ഇന്ത്യക്കാകെ നഷ്ടമായിരിക്കും. എന്നാൽ, നമ്മുടെ ഐക്യം നഷ്ടപ്പെടുകയാണെങ്കിൽ അത് മനുഷ്യരാശിക്കാകെ നഷ്ടമായിരിക്കും.'
മതവൈരമില്ലാത്ത, ബഹുസ്വരതയിൽ ഊന്നുന്ന ഈ തരത്തിലുള്ള പ്രബുദ്ധതയാണ് ഇന്ത്യയിലെ ഭരണക്കാരിൽനിന്ന് ജനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല എന്നതാണ് ആർഎസ്എസ് നയിക്കുന്ന മോഡി സർക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധം. എന്നാൽ, മോഡി ഭരണത്തിന്റെ കത്രികയിൽ അടർന്നുവീഴുന്നതല്ല ഇന്ത്യൻ ജനതയുടെ മനസ്സിൽ ആഴത്തിൽ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.