കൊച്ചി: മുസ്ലിംലീഗുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ സി.പി.എം ആഗ്രഹിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, സമസ്തയുടെയും ജിഫ്രി മുത്തുക്കോയ തങ്ങളുടെയും സുന്നി എ.പി വിഭാഗത്തിന്റെയും കാന്തപുരം അബൂബേക്കർ മുസ്ലിയാരുടെയും നിലപാടുകൾ സി.പി.എം വിരുദ്ധമല്ലെന്നും അവരുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയത ശക്തിപ്പെടുത്താൻ വലിയ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മതന്യൂനപക്ഷങ്ങൾക്കിടയിൽ മതതീവ്രവാദം ശക്തിപ്പെടുത്താൻ ചിലർ മുൻകൈ എടുക്കുന്നുണ്ട്. എസ്.ഡി.പി.ഐ ആർ.എസ്.എസിനെ പോലെ നല്ല ആയുധ പരിശീലനം നടത്തുന്നുണ്ട്. മതന്യൂനപക്ഷങ്ങളിൽ മുസ്ലിംകളുടെ ബൗദ്ധിക കേന്ദ്രമായാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത്. അവർ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ്. ഇത് ജാഗ്രതയോടെ എടുക്കും. കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് ഇത്തരം ശക്തികൾ ഉദ്ദേശിക്കുന്നത്.
ആർ.എസ്.എസ് സംസ്ഥാനത്ത് 3,000 ൽപരം പേർക്ക് വിവിധ കേന്ദ്രങ്ങളിൽവെച്ച് പരിശീലനം നൽകി. ഇതിന്റെ തുടർച്ചയായി സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. എസ്.ഡി.പി.ഐയും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. എൽ.ഡി.എഫ് വിപുലീകരണം നിലവിൽ സി.പി.എമ്മിന് മുന്നിലില്ലെന്നും കോടിയേരി പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ല അത്. എൽ.ഡി.എഫിലേക്ക് കൊണ്ടുവരാൻ പറ്റിയ കക്ഷികൾ ഉണ്ടെന്ന് തോന്നുന്നില്ല. ഐ.എൻ.എൽ. നിലവിൽ എൽ.ഡി.എഫിന്റെ ഭാഗമാണ്. അവർക്കുള്ളിൽ ആഭ്യന്തര സംഘർഷം ഉണ്ട്. ഐ.എൻ.എല്ലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽ.ഡി.എഫിന്റെ യശസ്സിന് കോട്ടം തട്ടുന്നുവെന്ന് തോന്നിയാൽ നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.