കൊച്ചി: പുതിയ സംസ്ഥാന കമ്മിറ്റിക്കൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റും രൂപവത്കരിക്കാൻ സി.പി.എം. വെള്ളിയാഴ്ച അവസാനിക്കുന്ന സംസ്ഥാന സമ്മേളനശേഷം സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കോടിയേരി ബാലകൃഷ്ണൻതന്നെ തുടരും.
16 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനുപുറമെ അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 21 പേർ സംസ്ഥാന സെൻററിന്‍റെ ഭാഗമായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 16ൽനിന്ന് 17 ആയി സെക്രട്ടേറിയറ്റിന്‍റെ അംഗബലം ഉയർത്തിയേക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി നിശ്ചയിച്ച 75 വയസ്സ് പരിധി പിന്നിട്ട ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, എം.എം. മണി, പി. കരുണാകരൻ എന്നിവരാണ് സെക്രട്ടേറിയറ്റിൽനിന്ന് ഉറപ്പായും ഒഴിവാകുക. പകരം എം.വി. ജയരാജൻ, ടി.എൻ. സീമ, ഗോപി കോട്ടമുറിക്കൽ, വി.എൻ. വാസവൻ എന്നീ പേരുകളാണ് മുഖ്യമായി പരിഗണിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ എം. വിജയകുമാർ, കൊല്ലത്തുനിന്ന് ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. വികസന നയരേഖയിന്മേൽ നടന്ന ചർച്ചക്ക് വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞശേഷമാകും സംസ്ഥാന കമ്മിറ്റി രൂപവത്കരണം.
പ്രായപരിധി വ്യവസ്ഥ, ആരോഗ്യപ്രശ്നങ്ങൾ, പ്രവർത്തനത്തിൽ സജീവമല്ലാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ നിലവിലെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് 15 പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
ഇത്രയധികം പേർ ഒരുമിച്ച് ഒഴിയുന്നത് സമീപകാലത്ത് ആദ്യമാണ്. അതിനുശേഷം സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും പിന്നീട് പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിൽ സംസ്ഥാന കമ്മിറ്റി ചേർന്ന് സെക്രട്ടേറിയറ്റ് രൂപവത്കരിക്കും. ജില്ല സമ്മേളനങ്ങളിൽ വിഭാഗീയത ഇല്ലായിരുന്നതിനാൽ ഇത്തവണ ജില്ല കമ്മിറ്റിക്ക് പിന്നാലെ ജില്ല സെക്രട്ടേറിയറ്റും രൂപവത്കരിച്ചു. അത് തുടരണമെന്ന നിലപാടാണ് സംസ്ഥാന സെൻററിനുള്ളത്.
സെക്രട്ടേറിയറ്റ് രൂപവത്കരണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, പുതിയ സംസ്ഥാന കമ്മിറ്റിയാണ് അക്കാര്യം തീരുമാനിക്കുക എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകിയത്. സംസ്ഥാന സെന്‍റർ കുറച്ചുകൂടി കാര്യക്ഷമമാക്കാൻ നിർദേശമുണ്ട്. ഇപ്പോഴത്തെക്കാൾ കുറച്ചുകൂടി പേർ പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നിർദേശമെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.