ദുബൈ: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയും സഹോദരൻ ബിനോയിയും നേരത്തേ ദുബൈയിലും നോട്ടപ്പുള്ളികൾ.
അരഡസനിലേറെ സാമ്പത്തിക തട്ടിപ്പുകേസുകളാണ് ബിനീഷിനും ബിനോയിക്കും യു.എ.ഇയിൽ ഉണ്ടായിരുന്നത്. നാട്ടിലും യു.എ.ഇയിലുമുള്ള പ്രമുഖരുടെ ഇടപെടലിനിടെ ബാധ്യതകൾ തീർത്ത് രണ്ടു വർഷം മുമ്പ് കേസുകൾ ഒത്തുതീർപ്പാക്കുകയായിരുന്നു.
ദുബൈയിലെ വിവിധ സ്റ്റേഷനുകളിലായി അരകോടിയോളം രൂപയുടെ കേസുകളാണ് ബിനീഷിനുണ്ടായിരുന്നത്. 2015 ആഗസ്റ്റിൽ 40 ലക്ഷം രൂപ തിരിച്ചുനൽകാത്ത കേസ് ബർദുബൈ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ രണ്ടു മാസം തടവിന് ശിക്ഷിച്ചെങ്കിലും ഇതിന് മുന്നേ ബിനീഷ് നാട്ടിലേക്ക് മുങ്ങി. ദുബൈ ഫസ്റ്റ് ഗൾഫ് ബാങ്കിൽനിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തതിന് അൽ ബർഷ സ്റ്റേഷനിലും സ്വകാര്യ ക്രെഡിറ്റ് കാർഡ് കമ്പനിയെ കബളിപ്പിച്ചതിന് ഖിസൈസ് സ്റ്റേഷനിലും കേസുകളുണ്ടായിരുന്നു. മറ്റു ചില സ്റ്റേഷനുകളിൽ ബിനീഷിനെതിരെ ചെക്ക് തട്ടിപ്പ് പരാതിയും എത്തിയിരുന്നു. ഈ കേസുകളെല്ലാം പണം മടക്കി നൽകി ഒത്തുതീർപ്പാക്കി.
ബിനോയിക്കെതിരെ 13 കോടിയുടെ ചെക്ക് തട്ടിപ്പ് കേസാണ് യു.എ.ഇയിൽ ഉണ്ടായിരുന്നത്. ഇൗ സമയത്ത് ദുബൈയിലുണ്ടായിരുന്ന ബിനോയിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. എന്നാൽ, ഉന്നതരുടെ മധ്യസ്ഥതയിൽ പണത്തിെൻറ നിശ്ചിത ശതമാനം നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. ബിനോയി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന കേസിെൻറ തുടക്കവും ദുബൈയിൽ നിന്നായിരുന്നു.
ദുബൈയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുന്നതിനിടെ ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി ബിഹാർ സ്വദേശിനി മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദുബൈയിൽ കേസുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.