പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ പൂർണമായും വൈദ്യുതികരിക്കുന്നതിന്റെ ഭാഗമായി ആര്യങ്കാവ് കോട്ടവാസൽ തുരങ്കത്തിലേയും പാലങ്ങളിലും ജോലികൾ അവസാനഘട്ടത്തിൽ. മാർച്ച് 31 നകം പൂർണമായും കമ്മീഷൻ ചെയ്യത്തക്ക നിലയിൽ നിർമാണം പുരോഗമിക്കുകയാണ്.
മലയോര മേഖലയിലെ തുരങ്കങ്ങളിലേയും പാലങ്ങളിലേയും വൈദ്യുതികരണം ഏറെ തടസ്സം സൃഷ്ടിച്ചിരുന്നത് പണി നീണ്ടുപോകാൻ ഇടയാക്കി. കേരള- തമിഴ്നാട് അതിർത്തിയിലുള്ള ഒരു കിലോമീറ്റർ ദൂരത്തിലുള്ള കോട്ടവാസൽ തുരങ്കത്തിൽ മതിയായ വെളിച്ചമില്ലാത്തതും മറ്റ് പ്രശ്നങ്ങളാലും വലിയ പ്രയാസം സൃഷ്ടിച്ചു.
പുനലൂരിനും ചെങ്കോട്ടക്കുമിടയിൽ കോട്ടവാസലിനും ഇടമണ്ണിനും ഇടയിലുള്ള ഭാഗമൊഴിച്ച് ബാക്കി ആറുമാസം മുമ്പ് പൂർത്തിയാക്കി. ചെങ്കോട്ട മുതൽ ഭഗവതിപുരം സ്റ്റേഷൻ വരെ എൻജിൻ പരീക്ഷണാർഥം ഓടിയിരുന്നു.
തുരങ്കങ്ങളിൽ ഭിത്തിയിൽ ക്ലാമ്പുകൾ ഘടിപ്പിച്ചാണ് ലൈൻ വലിക്കുന്നത്. ഈ ലൈനിൽ ചെറുതും വലുതുമായ 13 തുരങ്കളും പാലങ്ങളുമുണ്ട്.
കോട്ടവാസൽ തുരങ്കത്തിൽ ലൈൻ വലിക്കുന്നതും അടുത്ത ദിവസം പൂർത്തിയാകും. അടുത്തിടെ മധുര ഡിവിഷൻ മാനേജരുടെ സന്ദർശനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി വിളിച്ചുകൂട്ടിയ ഉന്നത റെയിൽവേ അധികൃതരുടെയും യോഗത്തെ തുടർന്നാണ് വൈദ്യുതികരണ ജോലിക്ക് വേഗത വന്നത്. ആദ്യഘട്ടമായി പുനലൂർ-കൊല്ലം ലൈൻ വൈദ്യുതികരിച്ച് ഒന്നര വർഷം മുമ്പ് കമ്മീഷൻ ചെയ്തിരുന്നു.
കഴിഞ്ഞ ജൂണിൽ വൈദ്യുതികരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള ജോലികൾ ഒന്നര വർഷം മുമ്പാണ് ചെങ്കോട്ടയിൽ നിന്നും ആരംഭിച്ചത്. ചെങ്കോട്ട-പുനലൂർ 50കിലോമീറ്റർ ദൂരത്തിൽ വൈദ്യുതികരണത്തിന് 61.32കോടി രൂപയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.