‘ആലയില്ലാതെ ആനയെ വാങ്ങി’ കൊല്ലം നഗരസഭ

കോഴിക്കോട് : ആലയില്ലാതെ ആനയെവാങ്ങിയെന്ന പഴഞ്ചൊല്ലുപോലെയാണ് കൊല്ലം നഗരസഭയുടെ സ്ഥിതി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ യന്ത്രസാമഗ്രികൾ വാങ്ങുന്നത് നഗര സഭയുടെ വിനോദ പരിപാടിയാണ്. നഗരസഭ വാങ്ങിയ യന്ത്രങ്ങൾ പലതും വാറണ്ടി കാലാവധിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ ഗഡൗണിൽ സൂക്ഷിച്ചിരിക്കുയാണെന്ന് ഓഡിറ്റിൽ കണ്ടെത്തി.

മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി വിലപിടിപ്പുള്ള യന്ത്ര സാമഗ്രികൾ വാങ്ങി. എന്നാൽ ഇവ വാങ്ങുന്നതിന് മുമ്പ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും പ്രവർത്തനക്ഷമമാക്കുന്നതിന് വൈദ്യുതിയും ഉറപ്പാക്കാതെയാണ് ഉദ്യോഗസ്ഥകർ യന്ത്രങ്ങൾ വാങ്ങിയത്. വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാത്ത അവസ്ഥയിലാണ്. ഓഡിറ്റ് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ പല യന്ത്രങ്ങളും കണ്ടെത്തി.

ഉദാഹരണമായി 2020-21 ലെ വാർഷികപദ്ധതിയിൽ പദ്ധതിൾപ്പെടുത്തി ഓർഗാനിക് വേസ്റ്റ് ഷ്രെഡിങ് മെഷീൻ വാങ്ങുന്നതിന് തീരുമാനിച്ചു. 4.90 ലക്ഷം രൂപ (ധനകാര്യ കമീഷൻ ഗ്രാന്റ്) വകയിരുത്തുകയും ചെയ്തു. 2021 ജനുവരിയിൽ ടെണ്ടർ ക്ഷണിച്ചപ്പോൾ മൂന്ന് സ്ഥാപനങ്ങൾ ടെണ്ടറിൽ പങ്കെടുത്തു. ഹോറൈസൺ -(ടെണ്ടർ കിഷമിച്ച് മോഡൽ)-3,67,750, (ഉയർന്ന മോഡൽ - - 4,87,950), ഫ്ലോററ്റ് ടെക്സനോളജീസ് -4,09,999, പ്രകൃതി- 3,83,500 എന്നിങ്ങനെ ക്വട്ടേഷൻ നൽകി.

ടെണ്ടർ പരിശോധന സമയത്ത് ഹോറൈസൺ എന്ന സ്ഥാപനം നൽകിയത് രണ്ട് ക്വട്ടേഷൻ ആണ്. ഈ കാരണം ചൂണ്ടിക്കാട്ടി ഹെൽത്ത് ഓഫീസർ ഹോറൈസൺ എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷൻ നിരസിച്ചു. രണ്ടാമത്തെ നിരക്ക് രേഖപ്പെടുത്തിയ പ്രകൃതിയുമായി വിലപേശൽ നടത്തി 3.65 ലക്ഷം രൂപക്ക് ഓർഗാനിക് വേസ്റ്റ് ഷ്രെഡിങ് മെഷീൻ വാങ്ങി.

ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ 2022 മാർച്ച് മാസത്തിൽ പ്രകൃതി, ഓർഗാനിക് വേസ്റ്റ് ഷ്രെഡ്ഢിങ് മെഷീൻ സപ്ലൈ ചെയ്തിരുന്നു. തുടർന്ന് 3,65,000 രൂപ അവർക്ക് നൽകി. എന്നാൽ, ഈ യന്ത്രം സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന കടപ്പാക്കട മാർക്കറ്റിൽ ത്രീഫേസ് വൈദ്യുതി കണക്ഷൻ നിലവിലില്ലാത്തതിനാൽ നാളിതുവരെ യന്ത്രം പ്രവർത്തിപ്പിച്ചിട്ടില്ല. കടപ്പാക്കട എ ഡിവിഷൻ എച്ച്.ഐ ഓഫീസ് യന്ത്രം സൂക്ഷിച്ചിരിക്കുകയാണ്.

അംഗീകരിച്ച ഉടമ്പടി പ്രകാരം സപ്ലൈയർ സാധനം വിതരണം ചെയ്ത് ഒരു വർഷം വരെ യന്ത്രത്തിന് വാറണ്ടിയുണ്ട്. എന്നാൽ, യന്ത്രം നൽകിയിട്ട് 10 മാസം കഴിഞ്ഞിട്ടും സ്ഥാപിക്കുന്നതിനോ പ്രവർത്തന ക്ഷമമാക്കുന്നതിനോ സാധിക്കാത്തതിനാൽ യന്ത്രത്തിന്റെ 10 മാസ വണ്ടി നഷ്ടപ്പെട്ടു. നഗരസഭ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ യന്ത്രം വാങ്ങിയത് മൂലമാണ് ഇത് സംഭവിച്ചത്.

ടെണ്ടർ നടപടികളിൽ പങ്കെടുത്ത ഹോറൈസൺ എന്ന സ്ഥാപനമായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ കൂട്ടിയും കുറച്ചും രണ്ട് ടണ്ടർ സമർപ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഹെൽത്ത് ഓഫീസർ ഹോറൈസൺ എന്ന സ്ഥാപനത്തെ അയോഗ്യനാക്കി. ഓഡിറ്റ് പരിശോധനയിൽ ഇത് തികച്ചും ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി.

ഹോറൈസൺ എന്ന കമ്പനി സമർപ്പിച്ച ടെണ്ടറിൽ നഗരസഭ ആവശ്യപ്പെട്ട യന്ത്രത്തിന്റെ നിരക്ക് രേഖപ്പെടുത്തിയാണ് ആദ്യ ക്വട്ടേഷൻ നൽകിയത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള യന്ത്രത്തിന്റെ നിരക്ക് രേഖപ്പെടുത്തി രണ്ടാമതൊരു സ്പെസിഫിക്കേഷനും നൽകി. ഇതിനെ രണ്ട് ടെണ്ടറായി വ്യാഖ്യാനിക്കാൻ സാധിക്കുകയില്ല. ഒരു സ്ഥാപനം അവരുടെ പക്കൽ ലഭ്യമായ രണ്ട് യന്ത്രങ്ങളുടെ നിരക്ക് നഗരസഭയുടെ പരിഗണനക്കായി സമർപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഹെൽത്ത് ഓഫീസർ ഒഴിവാക്കിയതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ വിലയിരുത്തൽ. പൊതു പണം ചെലവഴിക്കുന്നതിൽ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കെടകാര്യസ്ഥതയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

Tags:    
News Summary - Kollam Municipal Corporation bought an elephant without shelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.