കൊല്ലവും നീലേശ്വരവും അഴീക്കലും കൊച്ചിക്കായലിൽ കുതിച്ചു

കൊച്ചി: കൊല്ലവും നീലേശ്വരവും അഴീക്കലും കൊച്ചിക്കായലിൽ കുതിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ജലമെട്രോ യാത്ര തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തതിനു പിന്നാലെ ഹൈക്കോർട്ട് ടെർമിനലിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തതോടെ മൂന്ന് ബോട്ടുകളാണ് കൊച്ചിക്കായലിൽ യാത്രക്കാരുമായി സഞ്ചരിച്ചത്. ഇതോടെ മെട്രോ റെയിലിനൊപ്പം ജല മെട്രോ സർവീസുമുള്ള രാജ്യത്തെ ഏക നഗരമായി കൊച്ചി മാറി.

കൊല്ലം, നീലേശ്വരം, അഴീക്കൽ എന്നീ പേരുകളിലുള്ള മൂന്നു ബോട്ടുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചീക്കാർക്ക് പുത്തൻ യാത്രനുഭവം നൽകിയത്. ആദ്യ യാത്രയിൽ ഒരു ബോട്ടിൽ യാത്ര ചെയ്തത് 10 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. എറണാകുളത്തെ സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്മെന്റിലെ കുട്ടികളായിരുന്നു ഇവർ.

എറണാകുളം ഹൈക്കോർട്ടിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങുകൾക്ക് ശേഷം മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പി.രാജീവും മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ വിനോദ്, കെ.എൻ ഉണ്ണിക്കൃഷ്ണൻ, കെ.ജെ മാക്സി, കെ.ബാബു, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ ഉമേഷ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ ഒരു ബോട്ടിലും യാത്ര ചെയ്തു.

കൊച്ചി മെട്രോ കോച്ചുകൾക്ക് സമാനമായ രീതിയിലാണ് വാട്ടർ മെട്രോ ബോട്ടുകളും നിർമിച്ചിരിക്കുന്നത്. പൂർണമായും ശീതികരിച്ച ബോട്ടിലിരുന്ന് കുറഞ്ഞ ചെലവിൽ കായൽക്കാഴ്ച്ചകൾ കണ്ടുള്ള യാത്ര ആരെയും മോഹിപ്പിക്കുന്നതാണ്. ഗതാഗതക്കുരുക്കിന്റെ ബുദ്ധിമുട്ടുകളില്ലാതെ വെയിലും മഴയും പൊടിയുമേല്‍ക്കാതെ, കാതടിപ്പിക്കുന്ന ഹോൺ ശബ്ദം ഇല്ലാതെ, ശാന്തമായി യാത്ര ചെയ്യാം.

ബുധനാഴ്ച്ച മുതൽ പൊതുജനങ്ങൾക്ക് ‌ ജലമെട്രോയിൽ സഞ്ചരിക്കാനാകും. ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വൈറ്റില–കാക്കനാട് റൂട്ടിലുള്ള സർവീസ് വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹൈക്കോർട്ട്–വൈപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും.

ജലമെട്രോയുടെ നിരക്കുകളും ആകർഷകമാണ്‌. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോർട്ട്‌–വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില–കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്‌ നിരക്ക്‌. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്‌.

10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെർമിനലുകളിലായി 76 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ കൊച്ചി ജലമെട്രോ യഥാർഥ്യമാകുന്നത്. 1136.83 കോടി രൂപ ചെലവിലാണ്‌ പദ്ധതി ഒരുങ്ങുന്നത്‌. പരിസ്ഥിതി സൗഹൃദമാണ്‌ ജലമെട്രോ. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടാണിത്. ലോകത്തിൽ തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല.

ബാറ്ററി മോഡിൽ 8 നോട്ടും ഹൈബ്രിഡ് മോഡിൽ 10 നോട്ടും ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാണ്‌ ബോട്ടുകളിൽ പ്രവേശനം. പരിധിയിൽ കൂടുതൽ യാത്രക്കാർക്ക് കയറാൻ കഴിയില്ലെന്ന് സാരം. ഇത്തരത്തിൽ അപകടങ്ങൾ തടയാൻ വിപുലമായ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

100 പേർക്ക് യാത്ര ചെയ്യാവുന്ന ഒമ്പത് ബോട്ടുകളാണ് കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ചു നൽകിയിരിക്കുന്നത്. അൻപത്‌ പേർക്ക് കയറാവുന്ന ബോട്ടുകളും ഉണ്ടാകും. അമ്മമാർക്കായുള്ള ഫീഡർ റൂമുകളുൾപ്പെടെ സൗകര്യവും ബോട്ടുകളിലുണ്ട്. ഭിന്നശേഷി സൗഹൃദ ഫ്ലോട്ടിംഗ് ജെട്ടികളായതിനാൽ വേലിയേറ്റ-വേലിയിറക്കം ബാധിക്കില്ല.

Tags:    
News Summary - Kollam, Nileswaram and Azhikal also plunged into Kochi Bay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.