ഇരിട്ടി: വർഷങ്ങളായി സ്നേഹഭവന്റെ സ്നേഹത്തണലിൽ കാരുണ്യത്തിന്റെ കരുതലിലായിരുന്ന കൊങ്ക ഇനി ബന്ധുക്കളോടൊപ്പം ബംഗാളിലെ വീട്ടിലേക്ക്.15 വർഷം മുമ്പ് കാണാതായ പശ്ചിമബംഗാൾ സ്വദേശി കൊങ്കയെ മാട്ടറയിൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടതിനെതുടർന്ന് 2012 ലാണ് ജോൺസൺ കല്ലം കുളങ്ങരയെന്ന സന്നദ്ധ പ്രവർത്തകൻ വിളമന അറയങ്ങാട് സ്നേഹഭവനിൽ എത്തിച്ചത്.
2018 മുതൽ ചരൽ സ്നേഹഭവന്റെ സംരക്ഷണയിലായിരുന്നു കൊങ്ക. ഇവിടെ കോൺക്രീറ്റ് ജോലിക്കെത്തിയ ബംഗാൾ സ്വദേശി സുർജിത്ത് കൊങ്കയെ കണ്ടതോടെയാണ് കൊങ്കയുടെ വീടണയാനുള്ള സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത്. സുർജിത്തിന്റെ അന്വേഷണത്തിലാണ് കൊങ്ക ബംഗാളിലെ ബംഗുറാ ജില്ലയിലെ ഓണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാംട്ടിയ ഗ്രാമത്തിലുള്ളയാളാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് കൊങ്കയുടെ മകൻ ബപ്പയും ബന്ധുവും തിരിച്ചറിയൽ രേഖകളുമായി സ്നേഹഭവനിലെത്തി കൊങ്കയെ തിരിച്ചറിയുകയും തുടർന്ന് കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞദിവസം ഉച്ചയോടെ ബംഗാളിലേക്ക് തിരിച്ചുപോകുകയുമായിരുന്നു. കാണാതായ ശേഷം പിന്നീട് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കൊങ്ക മരിച്ചുവെന്നാണ് ഭാര്യയും മക്കളും കരുതിയതെന്നും സാന്ത്വനം പകർന്ന് പുതുജീവൻ നൽകി അവരുടെ അരികിലേക്ക് അയക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും സ്നേഹഭവൻ സ്ഥാപകൻ ബ്രദർ എം. ജെ. സ്റ്റീഫനും ബ്രദർ സണ്ണിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.