കോട്ടയം: കനത്തമഴയിൽ ചിങ്ങവനം പൂവന്തുരുത്തിൽ റെയിൽ പാളത്തിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണു. തൊട്ടുപിന്നാലെയെത്തിയ ട്രെയിൻ വലിയ കല്ലുകൾ ഇടിച്ചുതെറിപ്പിച്ചു കടന്നുപോയി. ട്രെയിൻ ആടിയുലഞ്ഞെങ്കിലും വൻദുരന്തം ഒഴിവായി. ഇതോടെ മൂന്നുമണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം മുടങ്ങി.
ഞായറാഴ്ച രാവിലെ 10.30ന് ചിങ്ങവനം പൂവന്തുരുത്ത് റെയിൽവേ മേൽപാലത്തിനു സമീപമാണ് സംഭവം. പാലത്തിനു ബലം നൽകാനായി സ്ഥാപിച്ച വലിയ കരിങ്കല്ലുകളും മണ്ണും റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞത് അറിയാതെ തൊട്ടുപിന്നാലെയെത്തിയ ഗുരുവായൂർ-എടമൺ പാസഞ്ചർ ട്രെയിൻ ട്രാക്കിൽകിടന്ന വലിയകല്ലും മണ്ണും ഇടിച്ചുതെറിപ്പിച്ചു മുന്നോട്ടുപോയി. ഇടിയുടെ ആഘാതത്തിൽ കല്ലുകൾ 20 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണു.
കല്ലുവീണ് ട്രാക്കിെൻറ ജോയൻറ് ക്ലിപ്പുകളും വേർപെട്ട് തെറിച്ചു. ഉഗ്രശബ്ദത്തോടെ ട്രെയിൻ കടന്നുപോയത് സമീപവാസികളിലും ട്രെയിൻ യാത്രക്കാരിലും പരിഭ്രാന്തി പരത്തി. കനത്തമഴയിൽ വൻശബ്ദംകേട്ട് സമീപവാസികൾ എത്തിയപ്പോൾ ആടിയുലഞ്ഞ് ട്രെയിൻപോകുന്നതാണ് കണ്ടത്. തുടർന്ന് ചിങ്ങവനം പൊലീസിനെയും റെയിൽവേ അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചു. എന്നാൽ, റെയിൽവേ അധികൃതർ വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. കോട്ടയത്തുനിന്ന് അഗ്നിശമനസേനയും എത്തി.
സംഭവത്തെത്തുടർന്ന് കോട്ടയം വഴിയോടുന്ന മുഴുവൻ ട്രെയിനുകളും ഏറെവൈകി. കേരള എക്സ്പ്രസ് കോട്ടയത്തും ശബരി എക്സ്പ്രസ് ചങ്ങനാശ്ശേരിയിലും കൊല്ലം-എറണാകുളം മെമു ചിങ്ങവനത്തും കൊച്ചുവേളി-മുബൈ (ലോകമാന്യ തിലക്) ഗരീബ്രഥ് എക്സ്പ്രസ് തിരുവല്ലയിലും മണിക്കൂറുകൾ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. സമീപ സ്റ്റേഷനുകളിൽ ഇറങ്ങേണ്ട യാത്രക്കാർ മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു. കാത്തിരിപ്പ് നീണ്ടതോടെ ചിലർ ബന്ധുക്കളെ ട്രെയിൻ പിടിച്ചിട്ടിരുന്ന സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
ചിങ്ങവനത്ത് സ്റ്റോപ്പുള്ളതിനാൽ ട്രെയിൻ വേഗം കുറച്ചാണ് സഞ്ചരിച്ചിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ട്രാക്കിലെ മുഴുൻ തടസ്സങ്ങളും മാറ്റി. മേൽപാലത്തിെൻറ മുകളിൽനിന്ന് പാളത്തിലേക്ക് പതിക്കാൻ സാധ്യതയുള്ള മുഴുവൻ കല്ലുകളും നീക്കിയശേഷം ഉച്ചക്ക് ഒന്നിനാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി മണ്ണെടുത്തതാണ് പ്രശ്നത്തിനു കാരണമായതെന്ന് ആക്ഷേപമുണ്ട്. ബലമേകിയിരുന്ന കല്ലുകൾ ഇടിഞ്ഞതോടെ പഴക്കമേറിയ മേൽപാലവും അപകടാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.