കോഴിക്കോട് : കോട്ടയം ജില്ലാ ജിയോളജിസ്റ്റ് സംഗീസിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മീനച്ചിൽ താലൂക്കിലെ മൂന്നിലവ് വില്ലേജിൽ മച്ചിയാണിക്കൽ വീട്ടിൽ എം.ജെ. സജിമോൻ നൽകിയ പരാതിന്മേൽ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സജിമോന്റെ പരാതിയിൽ കോട്ടയം ഡി.വൈ.എസ്.പി അന്വേഷണം നടത്തിയിരുന്നു. സംഭവം സർക്കാരിൻറെ സൽപേരിന് കളങ്കം ചാർത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തി എന്നും സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നു അതിനാൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
സജിമോന്റെ വസ്തുവിൽ അനധികൃത ഖനനം നടത്തിയതിന് വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകിയിരുന്നു. ഈ വിഷയത്തിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കലക്ടർ 2022 ൽ കോട്ടയം ജിയോളജിസ്റ്റിന് നിർദേശം നൽകി. പരിശോധന നടത്തിയപ്പോൾ കെട്ടിട നിർമാണത്തിന് ഭൂമി നിരപ്പാക്കാനായി പൊട്ടിച്ച് 713 .44 ക്യൂബിക് മീറ്റർ കരിങ്കല്ല് സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തി.
അനധികൃത ഘനങ്ങൾ സംബന്ധിച്ച് പരാതി ലഭിച്ചതിനെക്കുറിച്ച് തുടർന്ന് വീണ്ടും പരിശോധന നടത്തി അപ്പോൾ 1086.533 ക്യുമ്പിക് മീറ്റർ കരിങ്കൽ കണ്ടെത്തി. പെർമിറ്റിനേക്കാൾ കൂടുതൽ ഖനനം നടത്തിയതിനാൽ സ്റ്റോപ്പ് മെമ്മോ നൽകി.
ഇതിനെ സജിമോൻ ലോകായുക്തയിൽ 2024 ജനുവരി 11ന് പരാതി നൽകി. ലോകായുക്തയുടെ ഇടക്കാല ഉത്തരവ് പ്രകാരം കെട്ടിടം നിർമിക്കുന്നതിനായി ഉപാധികളില്ലാതെ 350 എം.ടി കരിങ്കൽ കൊണ്ടുപോകുന്നതിന് ട്രാൻസിറ്റ് പാസ് അനുവദിക്കുന്നതിന് നിർദേശം നൽകി. ജിയോളജിസ്റ്റ് അനധികൃത ഖനനത്തിന് പിഴ 2.48 ലക്ഷം രൂപ കൊടുക്കണം എന്ന് നിർദ്ദേശിച്ച് നോട്ടീസ് നൽകി.
ഇതിനെതിരെ സജിമോൻ കോടതി ലക്ഷ്യ കേസ് ഫയൽ ചെയ്തു. തുടർന്ന് നോട്ടീസ് ഭേദഗതി വരുത്തി പിഴ അടക്കാതെ തന്നെ കരിങ്കല്ല് നീക്കം ചെയ്യുന്നതിന് അനുമതി നൽകി. എന്നാൽ, വാഹനം ഇല്ലാത്തതിനാൽ കൊണ്ടുപോകുന്നതിന് പാസ് തൽക്കാലം അനുവദിക്കേണ്ടതില്ല എന്നാണ് ഓഫീസിൽ എത്തി സജിമോൻ അറിയിച്ചത്.
ഈ വിവരം രേഖാമൂലം എഴുതി നൽകണമെന്നും ജിയോളജിസ്റ്റ് അറിയിച്ചു. തുടർന്ന് അസി. ജിയോളജിസ്റ്റിനെയും സജിമോനെയും ക്യാബിനുകളിൽ ഇരുത്തി ക്യാബിന്റെ ഡോർ ജിയോളജിസ്റ്റ് പുറത്തുനിന്നു പൂട്ടി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പൊട്ടിച്ചു മാറ്റിയ പാറ മാറ്റുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ ജായോളജിസ്റ്റിന്റെ ഭാഗത്തുനിന്നും കാലതാമസം ഉണ്ടായതും ലോകായുക്ത വിധിപ്രകാരം കരിങ്കല്ല് മാറ്റുന്നതിനുള്ള ഉത്തരവ് ലഭിച്ചിട്ടും പരിഗണിക്കാതെ പിഴ ഈടാക്കാൻ നോട്ടീസ് നൽകിയും ഗുരുതര പിഴവാണെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ക്യാബിന്റെ ഡോർ താക്കോൽ ഉപയോഗിച്ച് പൂട്ടയ സംഭവം ഉത്തരവാദിത്വമുള്ള ഉയർന്ന തലത്തിൽ ജോലിചെയ്യുന്ന ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ഇത് വകുപ്പിന്റെ പ്രതിച്ഛായ കോട്ടം ഏൽപ്പിച്ചു. ജില്ലാ ജിയോളജിസ്റ്റിന്റെ അധിക ചുമതല മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കോട്ടയം സ്ക്വാഡ് ജിയോളജിസ്റ്റ് ഡോ.വി. സുനിൽകുമാറിന് നൽകിയാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.