നിപ സ്ഥിരീകരിച്ച ആ‍യഞ്ചേരി മംഗലാട്ട് ഹാരിസിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി സുരക്ഷാ ക്രമീകരണങ്ങളോടെ നാട്ടിലേക്ക് കൊണ്ടുപോവുന്നു. ഉൾച്ചിത്രത്തിൽ മരിച്ച മുഹമ്മദലി, ഹാരിസ്

നിപ ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം ഖബറടക്കി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാടിലെ മമ്പളിക്കുനി ഹാരിസി(40)ന്റെ മൃതദേഹം കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാത്രി 12.30ന് ഖബറടക്കി. കോഴിക്കോട് കോർപറേഷനിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്.

മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആ‍യഞ്ചേരി മംഗലാട്ട് ഹാരിസ് (40)എന്നിവരുടെ മരണം നിപ മൂലമെന്ന് ഇന്നലെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദലി ആഗസ്റ്റ് 30നും ഹാരിസ് ഇക്കഴിഞ്ഞ തിങ്കളാഴ്ചയുമാണ് മരിച്ചത്. മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലും പിന്നീട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.


മുഹമ്മദലിയുടെ ഒമ്പതു വയസ്സുകാരനായ മകൻ, 25കാരനായ ഭാര്യാ സഹോദരൻ എന്നിവർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മുഹമ്മദലിയുടേത് നിപ മരണമായി കണക്കാക്കുന്നതായി ആരോഗ്യ മന്ത്രിയാണ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നില്ല. മുഹമ്മദലിയുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് മരണം നിപ കാരണമായി കണക്കാക്കുന്നത്.

അസ്വാഭാവിക പനി ബാധിച്ച് മുഹമ്മദലി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുക്കൾക്കും സമാന രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതിനിടെ തിങ്കളാഴ്ച ഹാരിസിനെ കടുത്ത അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനെ മരിക്കുകയുമായിരുന്നു. മരിച്ച ഇരുവരും നേരത്തെ ആശുപത്രി അത്യാഹിത വിഭാഗത്തിൽനിന്ന് സമ്പർക്കമുണ്ടായിരുന്നു എന്നത് സംശയം ബലപ്പെടുത്തിയതോടെയാണ് ആരോഗ്യ വകുപ്പ് സാംപിളുകൾ പരിശോധനക്ക് അയച്ചതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

168 പേർ സമ്പർക്ക പട്ടികയിൽ

നിപ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയില്‍ അതിജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ചികിത്സയിലുള്ള ഒമ്പതുവയസ്സുള്ള കുട്ടി വെന്‍റിലേറ്ററിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 10 മാസം പ്രായമുള്ള കുഞ്ഞിന് ലക്ഷണങ്ങൾ കണ്ടെങ്കിലും ഫലം നെഗറ്റീവാണ്. മരിച്ച ഹാരിസിന്റെ ഭാര്യയും നിരീക്ഷണത്തിലാണ്. മരിച്ചവരുടെ സമ്പർക്കം പരിശോധിച്ച് 168 പേരുടെ പട്ടിക തയാറാക്കി. ഇതിൽ 158 പേർ ആദ്യം മരിച്ചയാളുമായി സമ്പർക്കമുള്ളവരാണ്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. 31 പേർ ബന്ധുക്കളും അയൽവാസികളുമാണ്. രണ്ടാമത് മരിച്ചയാളുമായി ബന്ധപ്പെട്ട് 100 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും 10 പേരെയാണ് തിരിച്ചറിഞ്ഞത്.

കേന്ദ്ര വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെത്തും

കേരളം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദഗ്ധ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും. മരണം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ വവ്വാൽ സർവേ നടത്തും. നിപ പരിശോധനയുടെ കാലതാമസം ഒഴിവാക്കുന്നതിന് പുണെ വൈറോളജി ലാബിന്‍റെ മൊബൈൽ യൂനിറ്റ് ഇന്ന് കോഴിക്കോട്ട് എത്തുമെന്നും മന്ത്രി അറി‍യിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ബി.എസ്.എ ലവൽ -2 ലാബ് സൗകര്യം മാത്രമാണുള്ളത്. രോഗം കണ്ടെത്താമെങ്കിലും സ്ഥിരീകരിക്കാൻ കഴിയില്ല. പുണെ ലാബിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിൽ വവ്വാൽ സർവേ സംഘവും ഇന്ന് കോഴിക്കോട്ട് എത്തും. പകർച്ചവ്യാധി പ്രതിരോധത്തിന് ചെന്നൈ ഐ.സി.എം.ആർ സംഘവും എത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഡോക്ടർമാരുടെ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. സമ്പർക്ക പട്ടികയിലുള്ളവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കാൾ സെന്ററുമായി ബന്ധപ്പെടണം. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചു.പ്രാദേശിക തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണ വാർഡ് തുറന്നു. 2018ലും 2021ലും കോഴിക്കോട്ട് നിപ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.


Tags:    
News Summary - Kozhikod Nipah 2023 kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.