കോഴിക്കോട്: പേരാമ്പ്ര കായണ്ണ പഞ്ചായത്തിലെ ഊളേരിയിൽ പുതുതായി തുറക്കുന്ന വിദേശമദ്യ ഷോപ്പിൽ മദ്യമിറക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് നാട്ടുകാരുടെ ഭീഷണി. മദ്യമിറക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. രണ്ട് പുരുഷൻമാർ തെങ്ങിൽ കയറിയും സ്ത്രീകൾ മണ്ണെണ്ണ ദേഹത്ത് ഒഴിച്ചുമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതോടെ പ്രദേശത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചു. അഗ്നിശമന യൂണിറ്റുകളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും മദ്യമിറക്കാനുളള ശ്രമത്തിനെതിരെ ഇവിടെ പ്രക്ഷോഭം നടന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനാളുകളുടെ ശക്തമായ ചെറുത്തുനിൽപ് കാരണം അധികൃതർ ശ്രമം ഉപേക്ഷിക്കുകയും ലോഡ് കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പേരാമ്പ്ര സി.ഐ, കൂരാച്ചുണ്ട് എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് മദ്യമിറക്കുന്നവർക്ക് സംരക്ഷണവുമായി എത്തിയത്. എന്നാൽ, വാഹനത്തിനു മുന്നിൽ കിടന്നും ഇരുന്നുമെല്ലാമുള്ള സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാരുടെ പ്രതിരോധത്തിനു മുന്നിൽ അധികൃതർ മുട്ടുമടക്കുകയായിരുന്നു.
ഇന്ന് വീണ്ടും മദ്യവുമായി സംഘം തിരിച്ചെത്തുകയായിരുന്നു. മദ്യനിരോധന സമിതി സംസ്ഥാന ഭാരവാഹി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് പ്രസിഡൻറ് എം. ഋഷികേശൻ, ബി.ജെ.പി നേതാവ് ജയപ്രകാശ് കായണ്ണ എന്നിവർ കഴിഞ്ഞ ദിവസം സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
മദ്യഷോപ്പിനെതിരെ അഞ്ചു ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് സമരസമിതി ചെയർമാൻ ഇ.ജെ. ദേവസ്യ, കൺവീനർ ധന്യ കൃഷ്ണകുമാർ, ട്രഷറർ ജോബി മ്ലാകുഴി, ബിന്ദു പ്രേമചന്ദ്രൻ, അജിത രാജൻ, നിമിഷ ബോസ്, സുധ പുളിക്കൂപ്പറമ്പ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.