കോഴിക്കോട്: നഗര ഹൃദയം കീഴടക്കാനുള്ള പോരാട്ടമാണ് കോഴിക്കോട് നോർത്തിൽ. കഴിഞ്ഞ മൂന്നു നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ എ. പ്രദീപ്കുമാറിെൻറ തേരോട്ടം കണ്ട മണ്ഡലം. നേരത്തേ കോഴിക്കോട് ഒന്ന് എന്നപേരിൽ അറിയപ്പെട്ട മണ്ഡലത്തിന് ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച ചരിത്രമാണുള്ളത്. പക്ഷേ, 2001ൽ എ. സുജനപാൽ ജയിച്ച ശേഷം മണ്ഡലം പിന്നീട് കോൺഗ്രസ് സി.പി.എമ്മിന് കാഴ്ചവെക്കുകയായിരുന്നു. 2011ലും 2016ലും പ്രദീപ്കുമാറിനെതിരെ കോൺഗ്രസ് ദുർബല സ്ഥാനാർഥികളെ നിർത്തിയപ്പോൾ മണ്ഡലത്തിൽ കോൺഗ്രസ് ക്ഷീണിക്കുകയും ബി.ജെ.പി ശക്തിപ്രാപിക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 18 കോർപറേഷൻ വാർഡുകൾ എൽ.ഡി.എഫിന് കിട്ടിയപ്പോൾ ആറെണ്ണം യു.ഡി.എഫിനും അഞ്ചെണ്ണം എൻ.ഡി.എക്കും ലഭിച്ചു. എൽ.ഡി.എഫ് ജയിച്ച ചില മണ്ഡലങ്ങളിൽ എൻ.ഡി.എയാണ് രണ്ടാം സ്ഥാനത്ത്.
ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ രണ്ടും കൽപിച്ച പോരാട്ടത്തിനിറങ്ങിയ യു.ഡി.എഫ് കരുത്തനായ യുവ പോരാളിെയയാണ് രംഗത്തിറക്കിയത്- കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. 27കാരനായ അഭിജിത്തിനെ നേരിടാൻ എൽ.ഡി.എഫ് ഇറക്കിയത് കോർപറേഷൻ മുൻ മേയർ 74കാരനായ തോട്ടത്തിൽ രവീന്ദ്രനെയാണ്. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശും എത്തിയതോടെ പൊടിപാറുകയാണിവിടെ.
മണ്ഡലത്തിെൻറ മിടിപ്പറിഞ്ഞ പ്രദീപ്കുമാർതന്നെ ഇത്തവണയും നിൽക്കട്ടെ എന്നായിരുന്നു എൽ.ഡി.എഫ് പ്രവർത്തകരുടെ മനമെങ്കിലും മൂന്നുവട്ടം പൂർത്തിയാക്കിയവർ മാറിനിൽക്കാനുള്ള പാർട്ടി തീരുമാനം വന്നതോടെ പകരം സ്ഥാനാർഥിയെ കണ്ടെത്താനാകാതെ സി.പി.എം കുഴങ്ങി. പാർട്ടി ശക്തികൊണ്ട് മാത്രം ജയിക്കാനാകാത്ത നോർത്ത് നിലനിർത്താൻ പൊതുസ്വഭാവമുള്ള സ്ഥാനാർഥി വേണമെന്ന നിർബന്ധമാണ് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനിലെത്തിച്ചത്.
മേയർ എന്ന നിലയിൽ തോട്ടത്തിലുണ്ടാക്കിയ വ്യക്തിബന്ധങ്ങൾ അനുകൂലമാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ തോട്ടത്തിൽ രവീന്ദ്രനെ സന്ദർശിച്ച വിവാദം കോൺഗ്രസ് പ്രചാരണായുധമാക്കുന്നു.
സമര വീഥികളിൽ ഊർജസ്വലനായ യുവാവെന്ന ഖ്യാതിയോടെയാണ് അഭിജിത്തിെൻറ തേരോട്ടം. കഴിഞ്ഞ രണ്ടുതവണയും യഥാക്രമം പി.വി. ഗംഗാധരനോടും പി.എം. സുരേഷ്ബാബുവിനോടുമാണ് പ്രദീപ്കുമാർ വിജയിച്ചത്. രണ്ടുപേരെയും അപേക്ഷിച്ച് പോരാട്ട വീര്യമുള്ള ചെറുപ്പക്കാരൻ തോട്ടത്തിൽ രവീന്ദ്രന് അത് കനത്ത വെല്ലുവിളിയാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.കെ. രാഘവന് മണ്ഡലത്തിൽ 4558 വോട്ടിെൻറ ഭൂരിപക്ഷം കിട്ടിയത് യു.ഡി.എഫിെൻറ പ്രതീക്ഷയാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സംസ്ഥാന നേതാവ് എം.ടി. രമേശിന് വോട്ട് വർധിപ്പിക്കേണ്ട ഉത്തരവാദിത്തം ബി.ജെ.പിക്കുമുണ്ട്.
2016 നിയമസഭ തെരഞ്ഞെടുപ്പ്
എ. പ്രദീപ്കുമാർ
(സി.പി.എം) 64,192
അഡ്വ. പി.എം. സുരേഷ് ബാബു (കോൺ) 36,319
കെ.പി. ശ്രീശൻ
(ബി.ജെ.പി) 29,860
ഭൂരിപക്ഷം 27,873
2019 ലോക് സഭ
യു.ഡി.എഫ്: 54,246
എൽ.ഡി.എഫ്: 49,688
എൻ.ഡി.എ: 28,665
എം.കെ. രാഘവെൻറ (കോൺ)
ഭൂരിപക്ഷം : 4558
2020 തദ്ദേശ തെരഞ്ഞെടുപ്പ്
(മണ്ഡലത്തിൽ മുന്നണികൾക്ക്
ലഭിച്ച വാർഡുകൾ)
എൽ.ഡി.എഫ് -18
യു.ഡി.എഫ് -ആറ്
എൻ.ഡി.എ -അഞ്ച്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.