എതിരാളികളെയും മാധ്യമങ്ങളെയും തകര്‍ക്കാന്‍ സർക്കാർ പൊലീസിനെ രാകിമിനുക്കുന്നു -കെ.പി.എ മജീദ്

കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതി പിണറായി ഭരണകൂടത്തിന്‍റെ ഏകാധിപത്യ പ്രവണതകളുടെ തുടര്‍ച്ചയും ഫാഷിസ്റ്റ് മനോഭാവുമാണ് പ്രകടമാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

മാധ്യമങ്ങളെയും എതിരാളികളെയും തകര്‍ക്കാന്‍ പൊലീസിനെ വിഷത്താല്‍ ഊട്ടപ്പെട്ട ആയുധമാക്കി രാകിമിനുക്കുകയാണ്. മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും കേസെടുത്ത് വായടപ്പിക്കാന്‍ പൊലീസിനെ കയറൂരി വിടുന്ന പുതിയ നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ധ്വംസിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അപകീര്‍ത്തി പെടുത്തുന്നത് തടയാന്‍ നിലവില്‍ രാജ്യ വ്യാപകമായി വ്യവസ്ഥാപിത നിയമം ഉണ്ടെന്നിരിക്കെ കേരള പൊലീസിന് അമിതാധികാരം നല്‍കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാവും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആണെന്ന വ്യാഖ്യാനത്തോടെ പരാതിപോലുമില്ലാതെ ആരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കാമെന്നത് പ്രബുദ്ധ കേരളത്തെ ഭീതിയില്‍ നിര്‍ത്തി കാര്യം നേടാമെന്ന ഭരണകൂട ഭീകരതയാണ്.

സര്‍ക്കാറിനെയോ ഭരണകക്ഷി നേതാക്കളെയോ വിമര്‍ശിക്കുകയോ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ പൊലീസിനെ വിട്ട് കൈകാര്യം ചെയ്യാമെന്നതാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് ലൈസന്‍സ് നല്‍കപ്പെട്ട സംവിധാനത്തിന്‍റെ ഇംഗിതമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിനു വാറന്‍റ് ഇല്ലാതെ കൊഗ്നിസിബിള്‍ വകുപ്പ് പ്രകാരം സ്വമേധയാ കേസെടുക്കാം. ഭരണ കക്ഷിയുടെ നഗ്നമായ നിയമ ലംഘനങ്ങളും അഴിമിതിയും തുടരുമ്പോഴും ഒരു നടപടിക്കും തുനിയാത്ത പൊലീസ് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസ് ചുമത്തി ഭീഷണിപ്പെടുത്തുന്നത് നമുക്ക് മുമ്പിലുണ്ട്.

2000-ലെ ഐ.ടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ടെത്തിയ സുപ്രീം കോടതി നേരത്തെ തന്നെ അവ റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്‍റെ പുതിയ തന്ത്രമാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സായി പുറത്തുവന്നിരിക്കുന്നത്. പ്രബുദ്ധ കേരളം ഇത്തരം ഏകാധിപത്യ പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.