ജലീലിന്‍റെ ക്രമക്കേട് മുസ് ലിംകളെയോ ഖുർആനിനെയോ ബാധിക്കില്ല -കെ.പി.എ മജീദ്

കോഴിക്കോട്: വിശുദ്ധ ഖുർആനെ അനാവശ്യമായ ചർച്ചകളിലേക്ക് വലിച്ചിഴക്കാനുള്ള സി.പി.എമ്മിന്‍റെയും മന്ത്രി കെ.ടി. ജലീലിന്‍റെയും നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി

കെ.പി.എ മജീദ്. വിശുദ്ധ ഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ പോലും അത് മുസ് ലിംകളെയോ ഖുർആനിനെയോ ബാധിക്കില്ലെന്നും മജീദ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ വിശുദ്ധ ഖുർആനെ അനാവശ്യമായ ചർച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സി.പി.എമ്മും മന്ത്രി കെ.ടി. ജലീലും ശ്രമിക്കുന്നത്. മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ മന്ത്രി ജലീൽ പല തവണയും നടത്തിയിട്ടുണ്ട്. അന്ധമായ ലീഗ് വിരോധത്തിന്‍റെ പേരിൽ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്‍റെ കവചം തേടുന്നത് മന്ത്രിസ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ്. പ്രവാചകന്‍റെ തിരുകേശത്തെ ബോഡിവേസ്റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുർആനിന്‍റെ മഹത്വത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ്.

എന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്‍ററിൽ നിന്നാണെന്ന് പറഞ്ഞ് നടന്ന മന്ത്രി ജലീൽ സംരക്ഷണത്തിന് വേണ്ടി പാർട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്. വിശുദ്ധ ഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ പോലും അത് മുസ് ലിംകളെയോ ഖുർആനിനെയോ ബാധിക്കില്ല. അത് കൊണ്ടു വന്നവരും വാങ്ങിവെച്ചവരും ദുരുപയോഗം ചെയ്തവരുമല്ലാതെ അതിന് ഉത്തരം പറയേണ്ട ബാധ്യതയുമില്ല. ഈ കേസ് ഉപയോഗപ്പെടുത്തി ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ സംഘ്പരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ജലീലും സി.പി.എമ്മും പിന്തുണ നൽകരുത്. നിയമപരമായി കേസിനെ നേരിടാനും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏത് ഏറ്റ് പറയാനും ജലീൽ തയ്യാറാകണം.

ഇസ് ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീൽ ഉപയോഗിക്കുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. മതങ്ങളെയും അതിന്‍റെ ആചാരങ്ങളെയും ശരീഅത്ത് വിഷയം മുതൽ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സി.പി.എം ഒരു മന്ത്രിയെ മതത്തിന്‍റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. അഴിമതിയും കഴിവ്കേടും മൂലമുള്ള പ്രതിസന്ധിയെ അതിജീവീക്കാൻ മതത്തെ ദുരുപയോഗം ചെയ്ത പട്ടികയിലായിരിക്കും ജലീലിന്‍റെ സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്തുക.

Tags:    
News Summary - KPA Majeed React to KT Jaleel Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.