തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച നേതൃതല ചർച്ച തിങ്കളാഴ്ച ആരംഭിക്കും. വ്യാഴാഴ്ചയോടെ കെ.പി.സി.സി സെക്രട്ടറിമാരുടെയും തൊട്ടുപിന്നാലെ ഡി.സി.സി ഭാരവാഹികളുടെയും പട്ടിക അന്തിമമാക്കാനാണ് ആലോചന. കെ.പി.സി.സി സെക്രട്ടറിമാരായി 40 പേരെ നിയമിക്കാനാണ് തീരുമാനം. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെ പേരുകൾ നേതാക്കളുടെ പക്കലുണ്ട്.
അതിൽ നിന്ന് ഏറ്റവും അർഹരായ 40 പേരെ എല്ലാ സമവാക്യങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കുകയെന്നത് നേതാക്കൾക്ക് കഠിനമായ ജോലിയാണ്. ചില കൂടിയാലോചനകൾ ഡൽഹി കേന്ദ്രീകരിച്ച് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിൽ നടെന്നങ്കിലും പൂർത്തിയായിട്ടില്ല. ചർച്ച തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടരാമെന്നാണ് ഇരുവരും ധാരണയിലെത്തിയിട്ടുള്ളത്. തുടർന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ചായിരിക്കും അന്തിമ ലിസ്റ്റ് തയാറാക്കുക.
ഇതോടൊപ്പം 14 ഡി.സി.സികളുടെയും ഭാരവാഹികളുടെ കാര്യത്തിലും കെ.പി.സി.സി ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഡി.സി.സികൾ കരട് പട്ടിക കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾ ഒഴികെ എല്ലായിടത്തുനിന്നും കരട് പട്ടിക കെ.പി.സി.സിക്ക് ലഭിച്ചിട്ടുണ്ട്. കരട് പട്ടിക നൽകാനുള്ള രണ്ട് ജില്ലകളിലെയും നേതൃത്വങ്ങളെ കെ.പി.സി.സിയിൽ നിന്ന് ബന്ധപ്പെട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പുകളെ വലിയതോതിൽ പിണക്കാതെയും അതേസമയം അർഹതയുള്ളവരെ തഴയാതെയും വേണം പട്ടികക്ക് രൂപം നൽകേണ്ടത്.
കെ.പി.സി.സി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാരണം ചില ജില്ലകളിൽ ഭാരവാഹിത്വത്തിന് ഏറ്റവും അർഹരായവർ തഴയപ്പെടുന്നുവെന്ന് പരാതിയുണ്ട്. ഇത് പരിഹരിക്കാനോ അവരെ അനുനയിപ്പിക്കാനോ കഴിയുന്നില്ലെങ്കിൽ പാർട്ടിക്ക് അത് ഏറെ ദോഷകരമാകും. അതിനാൽ ചിലരുടെ കാര്യത്തിലെങ്കിലും മാനദണ്ഡത്തിൽ ഇളവ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ ആവശ്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങുമോയെന്ന് വ്യക്തമല്ല. പത്താംതീയതിയോടെ ഡി.സി.സി പട്ടിക പുറത്തിറക്കാനാണ് നേതൃത്വം ആേലാചിച്ചിരുന്നതെങ്കിലും ഇപ്പോഴെത്ത സാഹചര്യത്തിൽ അതിന് കഴിയുമോയെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.