കോഴിക്കോട്: എൽ.ഡി.എഫിലെ അതൃപ്തരെ യു.ഡി.എഫിലേക്ക് അടർത്തിയെടുക്കാൻ പരിശ്രമിക്കാനുള്ള കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിൽ തീരുമാനത്തോട് പ്രതികരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എൽ.ഡി.എഫിലെ അതൃപ്തർ ആരൊക്കെയെന്ന് കെ.പി.സി.സി വ്യക്തമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് ആരെയും പറഞ്ഞുവിട്ടിട്ടില്ല. അജണ്ടയുടെ അടിസ്ഥാനത്തിലാണ് ചിലർ എൽ.ഡി.എഫിലേക്ക് പോയതെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
കോഴിക്കോട് നടന്ന കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിലാണ് യു.ഡി.എഫ് വിപുലീകരിക്കാൻ തയാറാകുമെന്നും എൽ.ഡി.എഫിലെ അതൃപ്തരെ യു.ഡി.എഫിലേക്ക് എത്തിക്കാൻ പരിശ്രമിക്കുമെന്നും പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ചത്. യു.ഡി.എഫിന്റെ ജനകീയ അടിത്തറ വർധിപ്പിക്കും. ഇടതു നിലപാടുള്ള സംഘടനകൾക്ക് പിണറായി വിജയൻ സർക്കാറിന്റെ വലതുപക്ഷനയങ്ങൾ പിന്തുടർന്ന് ഏറെക്കാലം എൽ.ഡി.എഫിൽ തുടരാൻ കഴിയില്ലെന്ന് ചിന്തൻ ശിബിരം അഭിപ്രായപ്പെട്ടു.
യു.ഡി.എഫിലേക്കു വരാൻ പലരും ബന്ധപ്പെടുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു. സ്വത്വം നഷ്ടപ്പെടുത്തി, അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയിൽ തൃപ്തരാകാത്തവരും എൽ.ഡി.എഫിലുണ്ട്. അവർക്ക് മുന്നണി വിട്ട് പുറത്തുവരേണ്ടിവരും. ഈ കക്ഷികളെ യു.ഡി.എഫ് സ്വാഗതം ചെയ്യുകയാണെന്ന് സുധാകരൻ പ്രഖ്യാപിച്ചു.
അതേസമയം, കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് പോകുമെന്ന ചിന്ത അസ്ഥാനത്താണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു. സുധാകരന്റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ഇടതുമുന്നണിയിൽ പാർട്ടി സംതൃപ്തരാണ്. കുഴപ്പങ്ങളൊന്നുമില്ല.
ഇപ്പോഴെങ്കിലും കേരള കോൺഗ്രസിന്റെ വില മനസ്സിലാക്കിയതിൽ സന്തോഷം. ഞങ്ങളെക്കുറിച്ച് കോൺഗ്രസ് മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ല. കോൺഗ്രസിന്റെ ദയനീയ അവസ്ഥ കേരളം കാണുന്നുണ്ട്. എന്തിനാണ് ഞങ്ങളെ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടതെന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.