കെ.പി.സി.സിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

തിരുവനന്തപുരം: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകീട്ട് 4.30ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്.

റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എം.പി എം.കെ.രാഘവന്‍ ചെയര്‍മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്. വന്‍ ജനാവലിയെ അണിനിരത്തി ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി ചരിത്ര സംഭവമായി മാറ്റും.

നിരപരാധികളായ ഫലസ്തീന്‍കാരെയാണ് അവരുടെ മണ്ണില്‍ ഇസ്രയേല്‍ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളത്.

ഇതുതന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തി പിടിക്കുന്ന നിലപാട്. ഇന്ത്യാ മഹാരാജ്യം ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേര്‍ന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പാലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സി.പി.എമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നും സുധാകരന്‍ വ്യക്തമാക്കി.

Tags:    
News Summary - KPCC's Palestine Solidarity Rally on 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.