ബാലുശ്ശേരി: തൊണ്ടിമുതലായ ഒമ്പത് പവൻ ആഭരണം തിരിച്ചു കിട്ടാനുള്ള പ്രാർഥനയുമായി കഴിയുകയാണ് കേളോത്ത് കൃഷ്ണൻ. ബാലുശ്ശേരി അരീപ്പുറം മുക്കിലെ കേളോത്ത് കൃഷ്ണൻ കൂലിപ്പണിയെടുത്ത് മകൾക്കുവേണ്ടി സ്വരുക്കൂട്ടിയ ഒമ്പത് പവൻ സ്വർണാഭരണമാണ് 2018 മേയ് 26ന് വീട്ടിൽനിന്ന് മോഷണം പോയത്. തൊട്ടടുത്ത വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കുടുംബസമേതം പോയി ഒരു മണിക്കൂറിനുള്ളിൽ മടങ്ങിവന്നപ്പോഴേക്കും വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണം മോഷണം പോവുകയായിരുന്നു.
വീട്ടിലേക്ക് കയറവെ പിൻഭാഗത്തു നിന്ന് ഒരു യുവാവ് പുറത്തേക്ക് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണനും ഭാര്യയും ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അത്യാവശ്യമായി പുറത്തെ ശുചിമുറിയിൽ പോയതാണെന്നു പറഞ്ഞ് ഓടിപ്പോവുകയായിരുന്നു. കൃഷ്ണെൻറ ഭാര്യ അപ്പോഴേക്കും വീട്ടിനുള്ളിലെ അലമാര പരിശോധിച്ച് സ്വർണാഭരണം കൊണ്ടുപോയെന്നു പറഞ്ഞ് നിലവിളിച്ചു പുറത്തേക്ക് ഓടിവന്നതോടെ കൃഷ്ണൻ മോഷ്ടാവിെൻറ പിന്നാലെ കുതിച്ചെങ്കിലും റോഡിൽ നിർത്തിയിട്ട ബൈക്കിൽ കയറി മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വർഷങ്ങളായി കൂലിപ്പണിയെടുത്ത് സ്വരൂപിച്ച ഒമ്പതു പവൻ നഷ്ടപ്പെട്ടതോടെ കൃഷ്ണനും ഭാര്യയും ആകെ തളർന്നു പോയിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല.
നിരവധി മോഷണ കേസിലെ പ്രതിയായ അന്നശ്ശേരി കൊല്ലോത്തുംകണ്ടി താഴം വീട്ടിൽ സി.കെ. ഷൈജുവിനെ (39) 2018 സെപ്റ്റംബറിൽ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മോഷ്ടാവിനെ പറ്റി വിവരം ലഭിക്കുന്നത്. അന്നശ്ശേരിയിൽ മത്സ്യക്കച്ചവടം നടത്തിവന്നിരുന്ന ഷൈജു മോഷ്ടാവാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതും പൊലീസ് പിടിയിലായതോടെയാണ്. അന്നശ്ശേരിയിലെ മത്സ്യക്കടയിൽനിന്നും ഷൈജുവിനെ എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ പക്കൽനിന്നും നാലേകാൽ ലക്ഷം രൂപയും സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ബാലുശ്ശേരിയിലെ മോഷണവുമായി ബന്ധപ്പെട്ട് കൃഷ്ണനെയും ഭാര്യ ശാരദയെയും എലത്തൂർ പൊലീസ് തെളിവെടുപ്പിനായി വിളിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ശാരദ മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തു.
തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോൾ ഷൈജു പറഞ്ഞത് ഇങ്ങനെ: ''ചുറ്റിലുള്ളതെല്ലാം വലിയ വീടുകളാണ്. എല്ലാ വീട്ടിലും മുമ്പിൽ തന്നെ ആളുണ്ടായിരുന്നു. അവസാനം ഓടിട്ട ചെറിയ വീട് കണ്ടു. അവിടെയാകട്ടെ ആരുമില്ല. എന്തെങ്കിലും കാണാതിരിക്കില്ല. ആളനക്കം അറിയാൻ വീടിെൻറ മുമ്പിൽ വെച്ച് ഏറെ നേരം ബൈക്കിെൻറ ഹോണടിച്ചു. ആരുമില്ലെന്ന് ഉറപ്പാക്കി, പിൻഭാഗത്തെ വാതിലിെൻറ കുറ്റി തകർത്ത് അകത്തു കടന്നു മോഷണം നടത്തി.'' അറസ്റ്റ് ചെയ്ത് ഷൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും റിമാൻഡ് കാലാവധി കഴിഞ്ഞ് ഷൈജു ജാമ്യത്തിലിറങ്ങി പുറത്ത് പുതിയ മേച്ചിൽപുറം തേടിയിരിക്കയാണിപ്പോൾ. ഒന്നര വർഷമായി കേസ് കോടതിയിലാണിപ്പോഴും. കൃഷ്ണനും ഭാര്യ ശാരദയും ഇപ്പോഴും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിക്കുന്നുണ്ട്, ചോര നീരാക്കി വാങ്ങിയ സ്വർണം തിരിച്ചുകിട്ടുമോ എന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.