പാലക്കാട്: സ്വകാര്യ മേഖലയിൽനിന്നുൾപ്പെടെ മൂലധനം സ്വരൂപിച്ചല്ലാതെ ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനാവില്ലെന്ന നിലപാട് കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ മുന്നോട്ടുവെക്കുന്നത് രണ്ടാംതവണ. മാസങ്ങൾക്കുമുമ്പ് കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് ഗ്രീൻ എനർജി കമ്പനി രൂപവത്കരണം സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. രുപവത്കരിക്കുകയാണെങ്കിൽ അതിൽ ഓഹരിയെടുക്കാൻ അംഗങ്ങളോട് ആഹ്വാനവും ചെയ്തു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ സംഘടനക്കു നൽകിയ രേഖയിൽ ‘പദ്ധതികളിൽ വരുത്തേണ്ട നയപരമായ മാറ്റങ്ങൾ’ എന്ന പ്രത്യേക തലക്കെട്ടോടെയാണ് വിഷയം അവതരിപ്പിച്ചത്.
നഷ്ടക്കണക്കുകൾ നിരത്തി 25 മെഗാവാട്ടിന് താഴെയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പിൽനിന്ന് പിന്മാറാനുള്ള നീക്കമാണ് കെ.എസ്.ഇ.ബിയുടേതെന്നാണ് സൂചന. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുന്ന മണിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി സ്വകാര്യ കമ്പനിയായ കാർബോറാണ്ടം യൂനിവേഴ്സൽ ലിമിറ്റഡിന് തുടരാമെന്നതിന്റെ സൂചനകൂടി പുതിയ നയം നൽകുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള പാതങ്കയം, കുത്തുങ്കൽ ചെറുകിട പദ്ധതികളും സ്വകാര്യമേഖലയിൽ തന്നെ തുടർന്നേക്കും. 25 മെഗാവാട്ടിനു മുകളിലുള്ള പദ്ധതികൾ മറ്റുള്ളവരിൽനിന്ന് മൂലധനം സ്വരൂപിച്ച് നടപ്പാക്കണമെന്നതുകൂടി പറഞ്ഞുറപ്പിക്കുമ്പോൾ അത്തരം ജലവൈദ്യുതി പദ്ധതികൾ ഭാവിയിൽ ഉയർത്താവുന്ന ആശങ്ക ചെറുതല്ല.
പ്രതീക്ഷിത ചെലവായ 45,000 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചാൽതന്നെ കെ.എസ്.ഇ.ബിയിലെ മാനവവിഭവശേഷിയും വൈദഗ്ധ്യവുംവെച്ച് സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാനാവില്ലെന്നാണ് ചെയർമാന്റെ നിലപാട്. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്കുള്ള വില 14,000 കോടി രൂപയായി ഉയരുമെന്ന വിലയിരുത്തലും വീണ്ടും പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും രേഖയിലുണ്ട്. വായ്പയും ഓവർഡ്രാഫ്റ്റുമെടുത്ത് ചെലവ് നടത്തുന്നതിനാൽ മൂലധന സ്വരൂപണത്തിനും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനും മാറ്റം അനിവാര്യമാണെന്നും നയവ്യതിയാനത്തിനുള്ള കാരണമായി സൂചിപ്പിക്കുന്നു.
കേരളത്തിൽ പ്രതിമാസം 35 മെഗാവാട്ട് സൗരോർജ വൈദ്യുതി കൂട്ടിച്ചേർക്കുന്നുണ്ട്. ഇത് ഓരോ മാസവും വർധിക്കുന്നു. ഇത്തരത്തിൽ ഒരു വർഷം 380-400 മെഗാവാട്ട് വൈദ്യുതി, ശൃംഖലയിലേക്ക് ചേർക്കുമ്പോൾ ദീർഘകാല കരാറുകളിലൂടെ ലഭ്യമായ വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നു. ഇതിന് ഫിക്സഡ് തുക നൽകുകയും വേണം. ഇത്തരത്തിൽ 180 കോടി യൂനിറ്റ് വൈദ്യുതിയാണ് പ്രതിവർഷം തിരിച്ചടക്കേണ്ടിവരുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.