കൊച്ചി: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരക്ക് വർധനക്ക് പദ്ധതിയിടുന്ന സംസ്ഥാന വൈദ്യുതി ബോർഡിന് വിവിധ മേഖലകളിൽ നിന്നായി പിരിഞ്ഞുകിട്ടാനുള്ളത് 3159.06 കോടി. ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 496.64 കോടി, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളിൽനിന്ന് 374.90 കോടി, കമേഴ്സ്യൽ ഉപഭോക്താക്കളിൽ നിന്ന് 1121.23 കോടി, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് 994.81 കോടി, സംസ്ഥാന സർക്കാറിന്റെ വിവിധ വിഭാഗങ്ങളിലെ സ്ഥാപനങ്ങളിൽനിന്ന് 171.5 കോടി എന്നിങ്ങനെയാണ് ലഭിക്കാനുള്ളതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
2022 ജനുവരി വരെയുള്ള ബോർഡിന്റെ കടബാധ്യത 9056.71 കോടിയാണ്. കാലങ്ങളായി ശ്രമിച്ചിട്ടും പിരിച്ചെടുക്കാനാവാത്ത കോടികളുടെ കുടിശ്ശിക തുക ലഭ്യമായാൽ വലിയ തോതിൽ കെ.എസ്.ഇ.ബിയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയും. കുടിശ്ശികയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളാണ് തുക പിരിച്ചെടുക്കുന്നതിന് തടസ്സം. രാഷ്ട്രീയ ഇടപെടലുകളും പലപ്പോഴും വിലങ്ങുതടിയാകുന്നതായാണ് ആരോപണം.
വൈദ്യുതി ചാർജിന് പുറമെ കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ സ്വകാര്യകമ്പനികളുടെ കേബിൾ വലിക്കുന്നതിലൂടെ വലിയ വരുമാനം ലഭിക്കുന്നുണ്ട്. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ മാത്രം ഈയിനത്തിൽ 101.91 കോടി രൂപ നൽകിയിട്ടുണ്ടെന്ന് കൊച്ചി ആസ്ഥാനമായ പ്രോപർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, ജില്ല അടിസ്ഥാനത്തിലും പ്രാദേശികമായുള്ള കേബിൾ ഓപറേറ്റർമാരുടെ പക്കൽനിന്ന് ലഭിച്ചത് ഉൾപ്പെടെ ഈയിനത്തിൽ വൻ തോതിലുള്ള വരുമാനമാണ് കെ.എസ്.ഇ.ബിക്ക് ലഭിച്ചിട്ടുള്ളത്. പുതുക്കിയ ശമ്പള സ്കെയിൽ പ്രകാരം കെ.എസ്.ഇ.ബിയിലെ കുറഞ്ഞ ശമ്പളം 12200-24310 രൂപയും കൂടിയ ശമ്പളം 114000- 166400 എന്ന ഘടനയിലുമാണെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.