പാലക്കാട്: കാർബൺ പുറത്തുവിടൽ കുറക്കുകയെന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ ഹരിത ഊർജത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി ഹരിത ഊർജനിരക്ക് (ഗ്രീൻ താരിഫ്) പ്രഖ്യാപിച്ചു. നിലവിലുള്ളതിനേക്കാൾ യൂനിറ്റിന് 0.77 രൂപ ഹരിതോർജത്തിന് അധികം നൽകേണ്ടിവരും. 2023 നവംബർ ഒന്ന് മുതൽ 2024 ജൂൺ 30 വരെയുള്ള ഊർജവിതരണത്തിനാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമീഷൻ അംഗീകാരം ലഭിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെ ഹരിത താരിഫിലേക്കുള്ള നീക്കത്തോടൊപ്പം ടാറ്റ കൺസൽട്ടൻസി സർവിസിന്റെ (ടി.സി.എസ്) അപേക്ഷ കൂടി പരിഗണിച്ചാണ് റഗുലേറ്ററി കമീഷൻ അംഗീകാരമെത്തിയത്.
ഇതിനകം എസ്.ബി.ഐ, കാലിക്കറ്റ് വിമാനത്താവളം തുടങ്ങിയ വാണിജ്യ, വ്യാവസായിക മേഖലകളിൽ നിന്ന് ധാരാളം പേർ പുനരുപയോഗ ഊർജത്തിലേക്ക് താൽപര്യം പ്രകടിപ്പിച്ച് കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടുണ്ട്.
ആഗോള ടെൻഡറുകളിലെ മുഖ്യ മാനദണ്ഡമായി ഹരിത ഊർജ ഉപഭോഗം മാറിയതാണ് കോർപറേറ്റുകളെയും വ്യവസായികളെയും ഹരിത താരിഫിലേക്ക് ആകർഷിക്കുന്നത്. ഹരിത വൈദ്യുതി നൽകാനുള്ള ഊർജശേഖരം എങ്ങനെ സമാഹരിക്കാമെന്നതിൽ കെ.എസ്.ഇ.ബി വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ മുതൽ രാജസ്ഥാനിൽ നിന്ന് 110 മെഗാവാട്ട് സൗരോർജമെത്തുന്നുണ്ട്. അടുത്ത രണ്ട്, മൂന്ന് മാസത്തിനുള്ളിൽ 300 മെഗാവാട്ട് കൂടി എത്തുന്നതോടെ ഒരു പരിധി വരെ ഊർജ ആവശ്യകത പരിഹരിക്കാനാകും.
കൂടാതെ ഗുജറാത്തിൽ നിന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി ലഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
നിലവിലുള്ളതിനേക്കാൾ യൂനിറ്റിന് 2.54 രൂപ അധികമാണ് കെ.എസ്.ഇ.ബി ചോദിച്ചതെങ്കിലും 0.77 രൂപയാണ് അധികമായി റഗുലേറ്ററി കമീഷൻ അംഗീകരിച്ചത്. ഒരു വർഷ കാലാവധി കഴിയുമ്പോൾ കമ്പനികൾക്ക് ഹരിത ഊർജ ഉപഭോഗ സർട്ടിഫിക്കറ്റ് നൽകും. ഈ കാലയളവിൽ ഹരിതോർജ ഉപഭോഗത്തിൽ നിന്ന് പിന്നോട്ട് പോകാൻ പാടില്ല. ദീർഘകാല കുടിശ്ശികയുള്ളവർക്ക് ഹരിത ഊർജം തുടർന്ന് നൽകില്ലെന്ന് മാർഗരേഖയിലുണ്ട്.
2023 നവംബർ വരെ, ഗോദ്‌റെജ്, ബിർള, ബജാജ്, എയർടെൽ തുടങ്ങിയ കോർപറേറ്റ് ഭീമന്മാർ ഉൾപ്പെടെ രാജ്യത്തെ ഇരുനൂറിധികം ബിസിനസ് യൂനിറ്റുകൾ ഹരിതഗൃഹ വാതകത്തിലേക്ക് മാറിയതായാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.