കണ്ണൂർ: അതികഠിനമായ മാനസിക സമ്മർദമാണ് മുൻ എ.ഡി.എം നവീൻബാബു ജീവനൊടുക്കാൻ കാരണമായതെന്ന് കുറ്റപത്രം. സത്യസന്ധനായ ഉദ്യോഗസ്ഥന് ഒരൊറ്റ നിമിഷം കൊണ്ട് കേൾക്കേണ്ടിവന്ന ആരോപണമുനയിൽ മനംനൊന്താണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.
യാത്രയയപ്പ് യോഗത്തിൽ സഹപ്രവർത്തകരുടെ മുന്നിൽവെച്ചുള്ള അപമാനിക്കൽ നവീൻബാബുവിനെ മാനസികമായി തകർത്തു. തന്റെ സത്യസന്ധമായ ജീവിതത്തിനു കോട്ടം തട്ടിയതോടെ ഇനിയെങ്ങനെ സമൂഹത്തിൽ പുറത്തിറങ്ങുമെന്നത് നവീൻബാബുവിനെ വേട്ടയാടി. ഇതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്.
യാത്രയയപ്പ് നടന്ന ഒക്ടോബർ 14ന് വൈകീട്ട് മുതൽ മാനസിക പിരിമുറുക്കം അനുഭവപ്പെട്ട നവീൻബാബു കൂടുതൽ അസ്വസ്ഥനായിരുന്നു. അന്ന് രാത്രി ഒമ്പതോടെ മലബാർ എക്സ്പ്രസിൽ നാട്ടിൽ പോവാനാണ് നവീൻ ടിക്കറ്റ് എടുത്തത്. പക്ഷേ, ട്രെയിൻ പോയതിനു ശേഷമാണ് നവീൻബാബു റെയിൽവേ സ്റ്റേഷനിലെത്തിയത്.
പിന്നീട് മൂന്നാം പ്ലാറ്റ് ഫോമിൽ ഏറെനേരം കാത്തിരുന്ന നവീൻ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് അടിപ്പാതയിലൂടെ അലക്ഷ്യമായി നടന്നതായും റിപ്പോർട്ടിലുണ്ട്. ഏകദേശം പുലർച്ച മൂന്നോടെയാണ് റെയിൽവേ സ്റ്റേഷനിൽനിന്ന് നവീൻ തിരിച്ചുപോകുന്നത്. തുടർന്ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലെത്തിയ നവീൻ സഹപ്രവർത്തകർക്ക് അവസാനമായി സന്ദേശമയച്ചതിനും തെളിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.