Desert Ramadan

മരുഭൂമിയിലേക്കൊരു തീർഥാടനം

കണ്ണെത്താ ദൂരെ പരന്നു കിടക്കുന്ന മരുഭൂമിയിൽ ഒട്ടകങ്ങളോട് മിണ്ടിയും പറഞ്ഞുമിരിക്കുന്ന ആട്ടിടയന്മാർക്കിടയിലേക്ക് നഗരങ്ങളിൽനിന്ന് നോമ്പുതുറ വിഭവങ്ങളുമായി എത്തുന്നവർ വലിയ ആശ്വാസമാണ്. വർഷങ്ങൾക്ക് മുമ്പ് ഏതാനും സാമൂഹിക പ്രവർത്തകരോടൊപ്പം മരുഭൂമിയിൽ ആട്ടിടയന്മാരെ കാണാൻ പോകാനുള്ള അവസരം എനിക്കും ലഭിച്ചിരുന്നു.

മരുഭൂമിയിലെ ഇടയന്മാർക്ക് നോമ്പുതുറ വിഭവങ്ങളും പെരുന്നാൾ ഉടുപ്പും ​എത്തിക്കുന്ന ചില പ്രവാസി സംഘടനകളുണ്ട്. പതിവായി പോകാറുള്ള ഒരു സാമൂഹിക പ്രവർത്തകൻ ആരെയെങ്കിലുമൊക്കെ കൂടെ കൂട്ടും. പലപ്പോഴും നാട്ടിൽനിന്ന് വിസിറ്റിങ് വിസയിൽ കുടുംബത്തെ കൊണ്ടുവന്നവരെയാണ് കൂട്ടാറുള്ളത്.

മാളും ഗോപുരങ്ങളുമടക്കം പല ഗൾഫ് കാഴ്ചകളും കണ്ട് കൗതുകം കൊണ്ട കുടുംബിനികൾ പക്ഷേ കണ്ണുനിറഞ്ഞ കാഴ്ചയും മനസ്സുനിറഞ്ഞ അനുഭവവുമായി ഓർത്തുവെക്കുക മരുഭൂമിയിലേക്കുള്ള ഈ തീർഥാടനമാകും. അവരോടൊപ്പം നോമ്പ് തുറന്ന് പണമായി എന്തെങ്കിലും നൽകി ഏതോ രാജ്യക്കാരനായ സഹോദരനെ നെഞ്ചോട് ചേർത്തണച്ച് സലാം പറഞ്ഞ് മടങ്ങുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്. പണം കൊടുത്താൽ മിക്കവാറും പേർ വാങ്ങാൻ താൽപര്യപ്പെടാറില്ല. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന കാലത്തും ഉള്ളതിൽ തൃപ്തരാണ് അധികം പേരും.


ഇത്തവണ ഇവർക്ക് ആശ്വാസത്തിന്റെ നോമ്പുകാലമാണ്. അതികഠിനമായ ചൂടും കൊടും തണുപ്പും ഏറ്റവുമധികം അനുഭവിക്കുന്നത് മരുഭൂമിയിലാണ്. എ.സിയും റൂം ഹീറ്ററു​മൊന്നുമില്ലാത്തതിനാൽ സഹിക്കുകയല്ലാതെ മാർഗമില്ല. വേനലിൽ പച്ചവെള്ളം വെറുതെയിരുന്ന് ചൂടായി തിളക്കും. വെള്ളക്കുപ്പി പുതപ്പിട്ട് മൂടി തുണി നനച്ചുകൊടുത്ത് ചൂടാറ്റിയിട്ട് വേണം ഒരിറ്റ് വെള്ളം കുടിക്കാൻ. ഇപ്പോൾ അപൂർവം ചിലയിടത്ത് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ റഫ്രിജറേറ്റർ ഉണ്ട്. 50 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉയരുന്ന ഘട്ടത്തിൽ നോമ്പ് കഠിനമാണ്.

ഇത്തവണ മാർച്ച് തുടക്കത്തിൽ റമദാൻ ആരംഭിക്കുന്നതിനാൽ ചൂടും തണുപ്പും അധികമില്ലാത്ത സുഖകരമായ കാലാവസ്ഥയിൽ നോമ്പെടുക്കാം. ഒറ്റപ്പെടലായിരുന്നു മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്നവർ അനുഭവിച്ചിരുന്ന പ്രധാന പ്രശ്നം. സ്മാർട്ട് ഫോൺ സജീവമായതോടെ ഇവരുടെ ഒറ്റപ്പെടലിന് ആശ്വാസം വന്നിട്ടുണ്ട്. സ്മാർട്ട് ഫോണും സോളാറിൽ പ്രവർത്തിക്കുന്ന ചാർജറും ഇന്ന് ഒട്ടുമിക്ക ഇടയന്മാരുടെ പക്കലുമുണ്ട്. ഇന്റർനെറ്റ് കണക്ഷനും ലഭിക്കുന്നു. വിഡിയോ കാളിൽ നാട്ടിൽ വിളിക്കാനും മക്കളോട് കിന്നാരം പറയാനും കഴിയുന്നത് ചില്ലറ ആശ്വാസമല്ല. എന്നാലും കഴിയുന്നവർ ഒന്നവരെ ചെന്നുകാണുന്നത് വലിയ നന്മയാകും.

നജീബ് നാടണഞ്ഞെങ്കിലും ആടും ആടുജീവിതങ്ങളും അവിടെത്തന്നെയുണ്ട്. ബെന്യാമിൻ എഴുതിയ ആടുജീവിതത്തിലെ നജീബിന്റെ മാനസികാവസ്ഥയിലല്ല മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന തൊഴിലാളികൾ. ഇന്ന് താരതമ്യേന ഭേദപ്പെട്ട ശമ്പളം ഈ മേഖലയിൽ ലഭിക്കുന്നുണ്ട്. നാൽപതും അമ്പതും ദീനാറിന് മരുഭൂമിയിൽ മേയ്ക്കാൻ ആളെ കിട്ടില്ല എന്നതിനാൽ 120-150 ദീനാർ (33000-42000 ഇന്ത്യൻ രൂപ) പരിധിയിലേക്കെങ്കിലും ശമ്പളനിരക്ക് ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Ramadan Days in Arabia Desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.