കോഴിക്കോട്/ബംഗളൂരു: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മൈസൂരുവിൽ കർണാടക ആർ.ടി.സി ജീവനക്കാർ മർദിച്ചു. കോഴിക്കോട്ടുനിന്ന് സർവിസ് നടത്തിയ ബസിലെ ഡ്രൈവർ കുന്ദമംഗലം സ്വദേശി വിജയന് ശനിയാഴ്ച രാവിലെ 5.30ഒാടെയാണ് മൈസൂരു സ്റ്റാൻഡിൽ മർദനമേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ജീവനക്കാരായ അജിത്കുമാർ, പി.കെ. മുസ്തഫ, എ. ബാബുരാജ് എന്നിവർക്കും മർദനമേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരു ബസ്സ്റ്റാൻഡിലെ കർണാടക ട്രാൻസ്പോർട്ടിന് കീഴിലെ നൈറ്റ് ഇൻചാർജ് ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരനുമാണ് കസ്റ്റഡിയിലുള്ളത്. മർദനമേറ്റ കോഴിക്കോട് ഡിപ്പോയിൽനിന്നുള്ള ബസ് ജീവനക്കാരായ ഡ്രൈവർ വിജയൻ, കണ്ടക്ടർ മുസ്തഫ, മൈസൂരു കെ.എസ്.ആർ.ടി.സി കൗണ്ടറിലെ വയനാട് പൂതാടി സ്വദേശി അജിത്ലാൽ എന്നിവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ശനിയാഴ്ച രാത്രിവരെയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിവരമറിഞ്ഞ് ബത്തേരി ഡിപ്പോയിൽനിന്ന് രണ്ട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ൈമസൂരു സ്റ്റാൻഡിലെ കർണാടക ആർ.ടി.സിയുടെ ശുചിമുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ബസ് തൊഴിലാളികൾക്ക് പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് പതിവെങ്കിലും ഇതിനു വിപരീതമായി കർണാടക ആർ.ടി.സി ജീവനക്കാർ പ്രവർത്തിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
വിവരമറിഞ്ഞതിനെ തുടർന്ന് കോഴിക്കോട് മാവൂർ റോഡ് ഡിപ്പോയിലെ കർണാടക ആർ.ടി.സി റിസർവേഷൻ കൗണ്ടർ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഉപരോധിച്ചു. സംയുക്ത സമരസമിതിയുടെ േനതൃത്വത്തിലായിരുന്നു ഉപരോധം.
കോഴിക്കോട്ടുനിന്ന് കർണാടകയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇരുസംസ്ഥാനങ്ങളുടെയും 16 ദീർഘദൂര സർവിസുകൾ ഇതേതുടർന്ന് മുടങ്ങി. റിസർവ് ചെയ്ത യാത്രക്കാർ സ്റ്റാൻഡിൽ കുടുങ്ങി. കർണാടക ആർ.ടി.സി പ്രതിനിധി പ്രശാന്ത്, ജീവനക്കാരുടെ സംഘടനകൾ എന്നിവരുമായി കെ.എസ്.ആർ.ടി.സി സോണൽ മാനേജർ ജോഷി ജോൺ നടത്തിയ ചർച്ചയെ തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ശേഷം ദീർഘദൂര ബസുകൾ ഒാടിത്തുടങ്ങി. െക.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ൈമസൂരുവിൽ അക്രമസംഭവങ്ങൾ വർധിച്ചുവരുകയാണ്. അടുത്തകാലത്ത് ബത്തേരി, മലപ്പുറം ഡിപ്പോകളിൽനിന്ന് പോയ ൈഡ്രവർമാർ ആക്രമിക്കപ്പെട്ടിരുന്നു.
കോഴിേക്കാട്ടുനിന്നുള്ള ജീവനക്കാർക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ചർച്ചയിൽ സോണൽ മാനേജർ ഉറപ്പുനൽകിയതായി സംഘടന നേതാക്കൾ അറിയിച്ചു. ഉപരോധത്തിന് വിവിധ സംഘടന നേതാക്കളായ ഇ.കെ. ജോർജ്, ഇന്ദു കുമാർ, നൗഷാദ്, അഷ്റഫ് കാക്കൂർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.