തിരുവനന്തപുരം: രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനിറങ്ങിയവരുടെ ചട്ടുകങ്ങളായി ജീവനക്കാർ മാറരുതെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ. സർക്കാറും കെ.എസ്.ആർ.ടി.സിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകരുതെന്നതിനാലാണ് ഗതാഗത സെക്രട്ടറി, സ്ഥാപനത്തിന്റെ ചെയർമാൻ, എം.ഡി എന്നീ ചുമതലകൾ എന്നെ ഏൽപിച്ചത്. മേധാവിയായി ഇരിക്കുമ്പോൾ ജീവനക്കാർക്ക് സംരക്ഷണം കൊടുക്കാനായില്ലെങ്കിൽ ജീവിതവും ഭരണവും പരാജയമാണെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ജീവനക്കാർ മാത്രമാണ് പണിയെടുക്കുന്നതെന്നും മാനേജ്മെന്റ് തലപ്പത്തുള്ളവരെല്ലാം സുഖിമാൻമാരാണെന്നുമാണ് വ്യാപക പ്രചാരണം.
വളയം പിടിക്കുന്നവരും ടിക്കറ്റ് കീറുന്നവരും മാത്രമല്ല, ഐ.എ.എസുകാരും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യുന്നുണ്ട്. ആരെങ്കിലും പറയുന്ന എന്തെങ്കിലും കേട്ടിട്ട് ഞാനൊരു ശത്രുവല്ലെന്ന് മനസ്സിലാക്കണം. ദയവ് ചെയ്ത് മലർന്നുകിടന്ന് തുപ്പരുത്-കെ.എസ്.ആർ.ടി.സിയിലെ വസ്തുതകൾ വിശദീകരിച്ച് ഫേസ്ബുക്കിൽ നടത്തുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയിൽ 1233 പേർ ജോലിക്ക് വരുന്നില്ല. എപ്പോഴെങ്കിലും വന്ന് ഒപ്പിട്ടുപോവുകയാണ്. അവരുടെയെല്ലാം ലക്ഷ്യം പെൻഷനാണ്. ഈ സ്ഥിതി തുടർന്നാൽ പിരിച്ചുവിടലടക്കം കർശന നടപടിയിലേക്ക് പോകും. പിരിച്ചുവിടുമെന്ന മുന്നറിയിപ്പോടെ ഇവരുടെയെല്ലാം പേര് വെച്ച് പത്രത്തിൽ പരസ്യം കൊടുക്കാൻ പോവുകയാണ്.
ഇഷ്ടമുള്ളപ്പോൾ വന്ന് ഇഷ്ടപ്പെട്ട ഡ്യൂട്ടി ചെയ്ത് പോകൽ ഇവിടെ നടക്കില്ല. ഇതിന് പറ്റാത്തവർ വി.ആർ.എസ് എടുത്ത് പോകണം. ഒരു ജീവനക്കാരനെയും ബുദ്ധിമുട്ടിക്കൽ തന്റെ നിലപാടല്ല. വെൽഫെയർ ഫണ്ടുണ്ടാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. സസ്പെൻഡ് ചെയ്യുന്നത് സ്ഥിരമായി മദ്യപിക്കുന്നവരെയാണ്.
കെ.എസ്.ആർ.ടി.സിയിലെ നിലവിലെ ഡ്യൂട്ടി പാറ്റേൺ തെറ്റും നിയമവിരുദ്ധവുമാണ്. ഡബിൾ ഡ്യൂട്ടി റദ്ദാക്കണമെന്ന് യൂനിയനുകൾ പറഞ്ഞിട്ടുണ്ട്. 14-15 മണിക്കൂറിൽ ഒരേ പോലെ ഇരുന്ന് കോഴിക്കോടേക്കുള്ള ട്രിപ്പിൽ ഡബിൾ ഡ്യൂട്ടി ചെയ്യുന്നതിന് കുഴപ്പമില്ല, പക്ഷേ നാല് മണിക്കൂർ വിശ്രമത്തോടെയുള്ള 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തിയ സി.എം.ഡിയാണ് വില്ലൻ. 12 മണിക്കൂർ നേരം ജീവനക്കാരെ കഠിനമായി ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് പ്രചാരണം.
രാവിലെ ഏഴ് മണി മുതൽ 10.30 വരെയാണ് യാത്രാവശ്യകത. ഈ സമയത്ത് ഡ്യൂട്ടി എടുത്തേ തീരൂ. ആറ് മണിക്ക് ഡ്യൂട്ടിക്ക് കയറുന്നയാൾക്ക് ഉച്ചക്ക് രണ്ട് മണിക്ക് ഡ്യൂട്ടി കഴിയും. ഇവർ ഇറങ്ങിപ്പോയാൽ പിന്നെ ആര് വണ്ടി ഓടിക്കും. ഇത് പരിഹരിക്കുന്നതിനാണ് ഉച്ചക്ക് നാല് മണിക്കൂർ വിശ്രമം അനുവദിച്ച ശേഷം ഡ്യൂട്ടി ഏഴ് വരെ നീട്ടുന്നത്.
ഇതിനെയാണ് നിയമവിരുദ്ധമായി ചിത്രീകരിക്കുന്നത്. വിശ്രമ മണിക്കൂറിന് 50 രൂപ വെച്ച് കൊടുക്കാമെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിൽ നാല് മണിക്കൂർ വെറുതെയിരിക്കുന്നതിന് 200 രൂപ കൊടുത്തു. 12 മണിക്കൂർ ഡ്യൂട്ടി എതിർക്കുന്നവർ എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല.
പരിഷ്കരണം ഇല്ലാതെ മുന്നോട്ടുപോകാനാവില്ല. നമുക്ക് എട്ടുമാസം നോക്കാം. പറ്റില്ലെങ്കിൽ തിരിഞ്ഞ് നടക്കാം. സിംഗിൾ ഡ്യൂട്ടി ശരിയല്ലെങ്കിൽ മാറ്റാം. അതിന് തുടങ്ങുംമുന്നേ എതിർക്കേണ്ട കാര്യമുണ്ടോ. ചെലവ് കുറക്കുകയെന്നാൽ ആളുകളെ പിരിച്ചുവിടലല്ല. കെ.എസ്.ആർ.ടി.സിയിൽ കട്ടപ്പുറത്തുള്ള 1200 ബസുകളിൽ നിരത്തിലിറക്കി സിംഗിൾ ഡ്യൂട്ടിയിൽ ഓടിക്കാനായാൽ 30 കോടി രൂപ പ്രതിമാസം അധികമായി കിട്ടും. ഒന്നാംതീയതി ശമ്പളം നൽകാനാകും.
ഉൽപാദനക്ഷമത വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ല. തമിഴ്നാട്ടിൽ ലേയ്ലാൻഡിന്റെ ഒരു എൻജിൻ 12 ലക്ഷം കിലോമീറ്റർ മുതൽ 14 ലക്ഷം കിലോമീറ്റർ വരെ ഓടും.
അതേ എൻജിൻ ഇവിടെ ഓടുന്നത് എട്ടുലക്ഷം കിലോമീറ്ററാണ്. തമിഴ്നാട്ടിൽ ഒരു ടയറിന്റെ ആയുസ് 3.65 ലക്ഷം കിലോമീറ്ററാണ്. കേരളത്തിലാകട്ടെ 1.80 ലക്ഷം കി.മീറ്ററും. എൻജിൻ ഓയിലിന് പകരം കൂളന്റ് ഒഴിച്ചവരും ഇവിടെയുണ്ട്.
സ്വിഫ്റ്റ് ബസുകളോട് പല ഡിപ്പോകൾക്കും ചിറ്റമ്മ നയമാണ്. സ്വിഫ്റ്റ് ബസ് വന്നാൽ ചില ഡിപ്പോകളിലും അനൗൺസ് ചെയ്യാറില്ല. ഇത് ആരെ തോൽപിക്കാനാണ്. മറ്റ് സംസ്ഥാനങ്ങളിൽ യാത്രക്കാരെ വിളിച്ചുകയറ്റുന്ന കണ്ടക്ടർമാരുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ ഇങ്ങനെ എത്ര പേരുണ്ട്. ഒരുവർഷം മുമ്പ് തിരുവനന്തപുരത്ത് 30ഓളം മെഗാ ഫോൺ വാങ്ങി നൽകി. ഒരാൾ പോലും ഉപയോഗിക്കുന്നില്ല. എത്രയോ പേർ ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നുണ്ട്. സ്വിഫ്റ്റിൽ മാന്യമായി പെരുമാറുന്നുണ്ട്. സ്വിഫ്റ്റിന്റെ മാതൃക കെ.എസ്.ആർ.ടി.സിയിലും സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.