കെ.എസ്.ആർ.ടി.സി: ഇന്നു മുതൽ ഗഡുക്കളായി ശമ്പളം നൽകാൻ നീക്കം

തിരുവനന്തപുരം: ധനവകുപ്പ് അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തുന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച മുതൽ ശമ്പളവിതരണം ആരംഭിക്കാനുള്ള ശ്രമത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ്. ശമ്പളവിതരണത്തിന് 80 കോടിയോളം വേണമെന്നിരിക്കെ കൈവശം ആകെയുള്ളത് 30 കോടിയാണ്. ഈ സാഹചര്യത്തിൽ ഗഡുക്കളായി ശമ്പളം നൽകാനാണ് ആലോചന.

കൈവശമുള്ള തുക കൊണ്ട് ശമ്പളം നൽകിത്തുടങ്ങാനും ഒരാഴ്ചക്കുള്ളിൽ ഒ.ഡിയടക്കം മാർഗങ്ങളിലൂടെ വിതരണം പൂർത്തിയാക്കാനുമാണ് തീരുമാനം. ബുധനാഴ്ച ധനവകുപ്പ് ശമ്പളത്തിനായി 30 കോടി കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചെങ്കിലും അവധി ദിവസങ്ങളായതിനാൽ തുക അക്കൗണ്ടിലെത്തിയില്ല. ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നെങ്കിലും തുകയെത്താഞ്ഞത് മൂലം ഈസ്റ്ററിന് മുമ്പും ശമ്പളം വിതരണം ചെയ്യാനായില്ല. തിങ്കളാഴ്ച പണം കിട്ടുമെന്നാണ് പ്രതീക്ഷ.

ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ചീഫ് ഓഫിസിന് മുന്നില്‍ സി.ഐ.ടി.യു റിലേ നിരാഹാര സമരം തുടരുകയാണ്. ശമ്പളവിതരണം നീണ്ടാൽ ഉപരോധമടക്കം പ്രക്ഷോഭം കടുപ്പിക്കുമെന്നും സൂചനയുണ്ട്. പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ഗതാഗതവകുപ്പ് കാര്യമായ ഇടപെടലിന് തയാറാകുന്നില്ലെന്ന വിമർശനവും ശക്തമാണ്.

അതേസമയം സമരവും ശമ്പള പ്രതിസന്ധിയുമെല്ലാം മാനേജ്മെന്‍റ് തലത്തിൽ പരിഹരിക്കട്ടെയെന്നാണ് സർക്കാർ നിലപാട്. മന്ത്രിക്കെതിരെ വിമർശനമുന്നയിച്ച് സി.ഐ.ടി.യു വീണ്ടും രംഗത്തെത്തി. ശമ്പളപ്രതിസന്ധിയിൽ മന്ത്രി ആന്‍റണി രാജു പച്ചക്കള്ളം പറയുന്നുവെന്നാണ് വിമർശനം. ശമ്പളമുടക്കത്തിൽ പരാതി പറഞ്ഞിട്ടില്ലെന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും ഭാരവാഹികൾ പറയുന്നു.

Tags:    
News Summary - KSRTC In installments from today Removal to pay salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.