തിരുവനന്തപുരം: സ്വകാര്യ കോൺട്രാക്ട് കാര്യേജുകളുടെ മാതൃകയിൽ കെ.എസ്.ആർ.ടി.സിയും ടിക്കറ്റ് റിസർവേഷന് സ്വകാര്യട്രാവൽ ഏജൻസികളെ തേടുന്നു. ഓൺലൈൻ ടിക്കറ്റ് വിൽപന കൂടുതൽ വ്യാപകമാക്കുന്നതിനും യാത്രക്കാരെ കൂടുതലായി ആകർഷിക്കുന്നതിനുമാണ് സംസ്ഥാനത്തെ പ്രധാന പോയന്‍റുകളിൽ ഫ്രാഞ്ചൈസികൾക്ക് ചുമതല നൽകുന്നത്. താൽപര്യപത്രവും വ്യവസ്ഥകൾ സഹിതം ഇതിനോടകം പുറപ്പെടുവിച്ചു.
നേരിട്ട് ബുക്ക് ചെയ്യാനെത്തുന്നവർക്ക് നിലവിൽ പ്രധാന ഡിപ്പോകളിലെ കൗണ്ടറുകളിൽ മാത്രമാണ് സൗകര്യമുളളത്. ഇത് വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. ബംഗളൂരു, മൈസൂരു, സേലം, നാഗർകോവിൽ, തിരുനെൽവേലി, എറണാകുളം ഹൈകോർട്ട്, വൈറ്റില, തിരുവനന്തപുരം, കഴക്കൂട്ടം, പാളയം, മെഡിക്കൽ കോളജ്, അരിസ്റ്റോ ജങ്ഷൻ എന്നിവിടങ്ങളിലും നിലവിൽ ടിക്കറ്റ് ബുക്കിങ് സൗകര്യമില്ലാത്ത കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുമാണ് മുൻഗണന പോയന്‍റുകളായി നിശ്ചയിച്ചത്. ദീർഘദൂര സർവിസുകൾക്ക് മാത്രമായി രൂപവത്കരിച്ച സ്വിഫ്റ്റിന്‍റെ സർവിസുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തും.
ആളുകൾക്ക് എളുപ്പത്തിലും സൗകര്യപ്രദമായും എത്തിച്ചേരാവുന്ന സ്ഥലമായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ട്രാവൽ ബിസിനിസിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും സ്വന്തമായി കെട്ടിടവും കമ്പ്യൂട്ടർ-ഇൻറർനെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഒരു മാസം എത്ര രൂപക്ക് കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നത് മുൻകൂട്ടി സമ്മതപത്രത്തിലൂടെ അറിയിക്കണമെന്നും നിബന്ധനയുണ്ട്.
25000 രൂപ ഡെപ്പോസിറ്റായി കെട്ടിവെക്കണം. നാല് ശതമാനം കമീഷനാണ് ഫ്രാഞ്ചൈസികൾക്ക് നൽകുക. അംഗീകാരം ലഭിക്കുന്നവർക്ക് ഓൺലൈൻ റിസർവേഷനുള്ള യൂസർ ഐഡിയും പാസ്വേഡും കൈമാറും. കെ.എസ്.ആർ.ടി.സിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികൾ ശ്രദ്ധയിൽപെട്ടാൽ നോട്ടീസ് നൽകാതെ കരാർ അവസാനിപ്പിക്കാനുള്ള അധികാരവും കെ.എസ്.ആർ.ടി.സിക്കുണ്ട്.
താൽപര്യപത്രം ക്ഷണിച്ചതിന് പുറമേ ബന്ധപ്പെട്ട ഡിപ്പോകളോടും നിബന്ധനകൾക്ക് വിധേയവും അനുയോജ്യവുമായ ഫ്രാഞ്ചൈസികളെ കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി ഇളവുകൾ കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനും ടിക്കറ്റ് റദ്ദാക്കലിനുമാണ് ഇളവുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.