കൊല്ലം: കെ.എസ്.ആർ.ടി.സിക്ക് പോറലേൽക്കാൻ പോലും സർക്കാർ സമ്മതിക്കില്ലെന്ന് മന്ത്രി ആന്റണി രാജു. കേരളത്തിന്റെ വികാരമായ കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടിയു) സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുറത്താക്കേണ്ടി വന്ന 3500ഓളം എംപാനൽ ജീവനക്കാരിൽ തിരിച്ചെടുക്കാൻ ബാക്കിയുള്ള 500ഓളം പേർക്കും കരാർ അടിസ്ഥാനത്തിലോ ദിവസക്കൂലിക്കോ ഉടൻ നിയമനം നൽകും.
കോടതി ഉത്തരവ് പ്രകാരം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ആദ്യപരിഗണന നൽകി. താൽക്കാലിക നിയമനത്തിന് താൽപര്യമുള്ളവർ 30നുള്ളിൽ അപേക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അവരുടെ നിയമനം കഴിഞ്ഞാലുടൻ നിയമത്തിന്റെ സാധ്യമായ പഴുതുകൾ കണ്ടെത്തി, ബാക്കിയുള്ള എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാൻ മാനേജ്മെന്റിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
10 വർഷങ്ങൾക്ക് ശേഷം ആദ്യമായി ജീവനക്കാർക്ക് കോർപറേഷന്റെ വക യൂനിഫോം അടുത്തദിവസങ്ങളിൽ വിതരണം ചെയ്യും. ജീവനക്കാർക്ക് എതിരെ വിജിലൻസ് ഉൾപ്പെടെ കേസ് നടപടികൾ എത്രയും പെട്ടെന്ന് തീർപ്പാക്കി നിലവിലുള്ള കേസുകളുടെ എണ്ണം വൈകാതെ 500ന് താഴെ എത്തിക്കും.
ചില ജീവനക്കാർ സ്വിഫ്റ്റ് സംവിധാനത്തോട് ചിറ്റമ്മനയം പുലർത്തുന്നത് ഒഴിവാക്കണം. സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിന്റെ ഭാഗമാണ്. സ്വിഫ്റ്റ് എത്ര വിജയിക്കുന്നോ കെ.എസ്.ആർ.ടി.സിക്ക് അത്രയും നല്ലതാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളിവിരുദ്ധ നിലപാടുകളെടുത്താൽ സർക്കാർ മാനേജ്മെന്റിന്റെ കൂടെ നിൽക്കില്ല. ഏറെ പരാതി ഉയർന്ന ട്രാൻസ്ഫർ മരവിപ്പിച്ചത് അതുകൊണ്ടാണ്. സിംഗ്ൾ ഡ്യൂട്ടി സമ്പ്രദായം അംഗീകൃത യൂനിയനുകളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം നടപ്പാക്കിയാൽ മതിയെന്ന കർശന നിർദേശവും മാനേജ്മെന്റിന് നൽകിയതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.