ആർ.എസ്.എസ് ശാഖ സംരക്ഷിച്ച സുധാകരനോട് ലീഗിന്റെ പ്രതികരണം ചിരിയാണേൽ കരയേണ്ടി വരും -കെ.ടി ജലീൽ

സി.പി.എം ആക്രമണത്തിൽനിന്നും ആർ.എസ്.എസ് ശാഖക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകര​ന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മുൻ മന്ത്രി ​കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസും എന്ന പ്രയോഗത്തിന് ഊക്ക് പകരുന്നതാണ് സുധാകരന്റെ പ്രസ്താവനയെന്ന് കെ.ടി. ജലീൽ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ​ആർ.എസ്.എസ് ശാഖയെ സംരക്ഷിച്ചെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലിനോട് ലീഗിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ ആഗ്രഹമുണ്ടെന്നും ജലീൽ പോസ്റ്റിൽ കുറിച്ചു.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

ചിരിയിലൊതുങ്ങിയാൽ കരയേണ്ടി വരും!

താനൊരു ലക്ഷണമൊത്ത ജനാധിപത്യവാദിയാണെന്ന് മാലോകരെ ബോദ്ധ്യപ്പെടുത്താൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പ്രസ്താവന പതിറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംശയം ബലപ്പെടുത്തുന്നതാണ്.

കണ്ണൂരിലെ തന്റെ വീരശൂര പരാക്രമങ്ങൾ വിവരിക്കവെയാണ് സി.പി.എംകാർ ആർ.എസ്.എസ് ശാഖ തകർക്കാൻ നോക്കിയപ്പോൾ അതു സംരക്ഷിക്കാൻ താൻ ആളെ വിട്ടിരുന്നുവെന്ന് സുധാകരൻ വീരസ്യം പറഞ്ഞത്. പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസും എന്ന പ്രയോഗം പതിറ്റാണ്ടുകളായി കേരളത്തിൽ കേട്ടുകേൾവിയുള്ളതാണ്. അതിനു ഊക്ക് പകരുന്നതാണ് സുധാകരന്റെ വെളിപ്പെടുത്തൽ.

മഹാത്മാഗാന്ധിയെ "ചെറുതായൊന്ന്"വെടിവെച്ച് കൊന്നതി​ന്റെ പേരിൽ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. ആ നിരോധനം എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങൾക്ക് ഇന്നും ശമനമായിട്ടില്ല. അതിനിടയിലാണ് കോൺഗ്രസ് നേതാവി​ന്റെ പുതിയ തുറന്നു പറച്ചിൽ.

കോൺഗ്രസിന്റെ വിയോജിപ്പ് അവരുടെ അധികാരം കവർന്നെടുക്കുന്ന ശക്തിയോടു മാത്രമാണ്. അല്ലാതെ അത്തരക്കാരെ നയിക്കുന്ന ബുദ്ധി കേന്ദ്രമായ ആർ.എസ്.എസിനോടല്ല. ആർ.എസ്.എസിനെ ബി.ജെ.പി കൈവിട്ടാൽ അവരെ കോൺഗ്രസിന്റെ ഉപദേശക സമിതി ചെയർമാനാക്കാൻ തയ്യാറാണെന്ന മട്ടിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സംസാരം. സുധാകരന്റെ മറയില്ലാത്ത വെളിപ്പെടുത്തലിനോടുള്ള ലീഗി​ന്റെ പ്രതികരണമെന്തായിരിക്കും? പതിവു പോലെ മുസ്ലിംലീഗിന്റെ മറുപടി ഒരു ചിരിയിൽ ഒതുങ്ങിയാൽ പിന്നീടവർക്ക് നിർത്താതെ കരയേണ്ടി വരും. തീർച്ച.

Tags:    
News Summary - kt jaleel against k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.