തിരുവനന്തപുരം: കശ്മീരിനെ കുറിച്ച് വിവാദ പരാമർശമുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വിവാദമായ വരികൾ മുൻ മന്ത്രി കെ.ടി. ജലീൽ പിൻവലിച്ചു. ഉദ്ദേശിച്ചതിന് വിരുദ്ധമായി ഫേസ്ബുക്ക് പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നാണ് ജലീൽ കാരണം പറഞ്ഞത്. യാത്രാകുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്നും ജലീൽ പറഞ്ഞു. വിഷയത്തിൽ സി.പി.എം ഇടപെട്ടതിനാലാണ് ജലീൽ പോസ്റ്റ് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്. ഇത് മൂന്നാംതവണയാണ് ജലീലിനെ പാർട്ടി തിരുത്തുന്നത്. മാധ്യമം, എ.ആർ നഗർ വിഷയങ്ങളിലും പാർട്ടി ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. ഇന്ത്യൻ അധീന കശ്മീർ എന്ന വിഷയത്തിലാണ് സി.പി.എം അതൃപ്തി പ്രകടിപ്പിച്ചത്.
''നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം (ആസാദി കാ അമൃത് മഹോൽസവ്) നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്ര കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു. ജയ് ഹിന്ദ്...''എന്നായിരുന്നു വരികൾ പിൻവലിച്ച് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നായിരുന്നു ലേഖനത്തിലുണ്ടായിരുന്നത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
നേരത്തേ വിവാദ പരാമർശത്തെ ന്യായീകരിക്കാനാണ് ജലീൽ ശ്രമിച്ചത്. ഡബിൾ ഇൻവർട്ടഡ് കോമയിലാണ് ആസാദ് കാശ്മീർ എന്നെഴുതിയതെന്നും അതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം വിശദീകരണ കുറിപ്പിൽ പറഞ്ഞത്. അതേസമയം, 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നെഴുതിയതിനെക്കുറിച്ച് ജലീൽ ഒന്നും പറഞ്ഞിട്ടില്ല. കശ്മീർ യാത്രാ വിവരണത്തിനൊടുവിൽ വാൽക്കഷ്ണം എന്ന് ചേർത്ത് അവസാനമാണ് വിശദീകരണം നൽകിയിരിക്കുന്നത്. വിവാദ പരാമർശത്തെ തുടർന്ന് ജലീലിനെതിരെ ഡൽഹി പൊലീസ് പരാതി നൽകിയിരുന്നു. കേന്ദ്ര മന്ത്രിയടക്കമുള്ളവർ രംഗത്തു വരികയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.