തിരുവനന്തപുരം: സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ച ചര്‍ച്ച സംഗമം വേറിട്ട ശബ്ദങ്ങളുടെ സംഗമവേദിയായി.
സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച കുടുംബശ്രീ സംരംഭകരുമായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തത്. ‘കല-ആത്മാവിഷ്കാരത്തിന്‍റെയും സാമൂഹിക മാറ്റത്തിന്‍റെയും മാധ്യമം’ എന്ന വിഷയത്തിൽ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം അനുഭവങ്ങളുടെ തീക്ഷ്ണതയിൽ കുടുംബശ്രീയെ അടയാളപ്പെടുത്തിയത് നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മാധ്യമ പ്രവര്‍ത്തക രേഖ മേനോനായിരുന്നു മോഡറേറ്റർ. അക്രമത്തിനെതിരാണ് കലയെന്നും കല മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം മനുഷ്യസ്നേഹവും മാനവികതയുമാണെന്നും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സി.എസ്. ചന്ദ്രിക പറഞ്ഞു. കുടുംബശ്രീ വനിതകള്‍ പല മേഖലകളിലും മാതൃകകളായി മുന്നോട്ടുവരുന്നത് ആവേശവും ഊര്‍ജവും പകരുന്ന അനുഭവമാണെന്ന് ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്‍റ് അഭിപ്രായപ്പെട്ടു. സിനിമ രംഗത്തുകൂടി കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തുന്നതിന്‍റെ ആവശ്യകതയും അവർ ഓർമപ്പെടുത്തി.
കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ സ്വാധീനശേഷിയുള്ളവരാക്കി മാറ്റുന്നെന്നും ആയിരക്കണത്തിന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഈ പെണ്‍സാഗരത്തിന്‍റെ കണികയായതില്‍ അഭിമാനിക്കുന്നെന്നും ആര്‍ട്ടിസ്റ്റ് കവിത ബാലകൃഷ്ണന്‍ പറഞ്ഞു. രംഗശ്രീ തിയറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളായ ദീപ്തി, എം. ബിജി.എം, കുടുംബശ്രീ നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മെന്‍റര്‍ ആനി വിശ്വനാഥ്, കുടുംബശ്രീ സംരംഭകയും കവയിത്രിയുമായ ദീപ മോഹനന്‍ എന്നിവര്‍ കുടുംബശ്രീയുടെ കരുത്തില്‍ തങ്ങള്‍ നേടിയ വിജയാനുഭവങ്ങള്‍ പങ്കുവെച്ചു. മലപ്പുറം ജില്ലയിലെ അമരമ്പലം സി.ഡി.എസിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ നൃത്തശില്‍പം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.