തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്രക്ക് മൂന്നിന് തുടക്കമാകും. കണ്ണൂരിലെ പയ്യന്നൂരിൽനിന്ന് ചൊവ്വാഴ്ച ആരംഭിക്കുന്ന യാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പെങ്കടുക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം വി. മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 10ന് പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്താണ് ഉദ്ഘാടനചടങ്ങ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്കുശേഷം തുടങ്ങുന്ന പദയാത്രയിൽ അമിത് ഷാ പങ്കാളിയാകും. വ്യാഴാഴ്ച മമ്പറം മുതൽ തലശ്ശേരി വരെയുള്ള പദയാത്രയിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അനന്ത്കുമാർ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, കേണൽ രാജ്യവർധൻ സിങ് റാത്തോഡ്, അൽഫോൻസ് കണ്ണന്താനം, മഹേഷ് ശർമ, ജനറൽ വി.കെ. സിങ്, അർജുൻ മേഘ്വാൾ, പാർട്ടി നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ സംബന്ധിക്കും. തിരുവനന്തപുരത്ത് 17നാണ് സമാപിക്കുക. ശ്രീകാര്യം മുതൽ തിരുവനന്തപുരം വരെയുള്ള പദയാത്രയിലും ദേശീയ അധ്യക്ഷൻ അണിചേരും. ബി.ഡി.ജെ.എസ് ഉൾപ്പെടെ ഘടകകക്ഷികളും യാത്രയിൽ പങ്കാളികളാകും. വേങ്ങര തെരഞ്ഞെടുപ്പിലും യാത്രയുടെ പ്രതിഫലനമുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.