ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പിയിലെ തോമസ് കെ. തോമസ് മൽസരിക്കും. മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ സഹോദരനാണ്.
സ്ഥാനാർഥി സംബന്ധിച്ച് എൻ.സി.പി നേരത്തെ തീരുമാനം എടുത്തതാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടി എം.എൽ.എയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2019 ഡിസംബർ 20നാണ് തോമസ് ചാണ്ടി മരിച്ചത്. വൈകാതെ ലോകത്താകമാനം കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിനിടെയാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ ഉണ്ടാകുമെന്നും തീയതി പിന്നാലെ അറിയിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്.
തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയതും തോമസ് കെ. തോമസ് ആയിരുന്നു. തോമസ് ചാണ്ടി അസുഖ ബാധിതനായപ്പോൾ മണ്ഡലത്തിന്റെ ചുമതല ഏൽപ്പിച്ചിരുന്നതും തോമസിനെയായിരുന്നു. തോമസ് പിൻഗാമിയാകണമെന്ന് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവർക്ക് നേരത്തെ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.