തിരുവനന്തപുരം: ഭരണപക്ഷ എം.എൽ.എ തോമസ് കെ. തോമസിന്‍റെ വധശ്രമ പരാതി ആയുധമാക്കി ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. എം.എൽ.എയുടെ പരാതിയിൽ ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ചു. കുട്ടനാട് എം.എൽ.എ മുഖ്യമന്ത്രിയെ കണ്ട് നാലാം തീയതി പരാതി പറഞ്ഞിട്ടും ഏഴാം തീയതി മാത്രമാണ് എഫ്.ഐ.ആർ ഇട്ടതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എം. വിൻസെന്‍റ് ചൂണ്ടിക്കാട്ടി. എം.എൽ.എ ഒരു വർഷം മുമ്പ് നൽകിയ വധശ്രമ പരാതി പൊലീസ് അന്വേഷിക്കാതെ അവസാനിപ്പിക്കുകയും ചെയ്തു. ഭരണപക്ഷ എം.എൽ.എക്ക് പോലും കേരള പൊലീസിൽനിന്ന് നീതികിട്ടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പൊലീസിനെക്കുറിച്ച് തനിക്ക് പരാതിയില്ലെന്ന് വിഷയത്തിൽ ഇടപെട്ട തോമസ് കെ. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടില്ല. വിഷയം അറിയിക്കുക മാത്രമാണ് ചെയ്തത്. ഒരുവർഷം മുമ്പത്തെ പരാതിയിൽ തുടർനടപടി വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. സർക്കാറിൽ പൂർണ വിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരായ തോമസ് കെ. തോമസിന് പോലും പൊലീസിനെതിരെ പരാതിയില്ലെന്നും പൊലീസ് മുഖംനോക്കാതെയാണ് നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സി.പി.എമ്മിന്‍റെ മുൻ എം.എൽ.എ ജോർജ് എം. തോമസ് പൊലീസിനെ സ്വാധീനിച്ച് പോക്സോ കേസിലെ പ്രതിയെ മാറ്റിയത് പൊലീസ് അന്വേഷിച്ചോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചോദ്യം. തൃശൂരിൽ ഡി.വൈ.എഫ്.ഐ നേതാവ് പെൺകുട്ടിയോട് മോശമായി പെരുമാറിയത് ഉൾപ്പെടെ സമാനമായ മൂന്നു ഡസൻ കേസുകൾ സി.പി.എം പാർട്ടിക്കുള്ളിൽ ഒതുക്കി. പാർട്ടി പൊലീസും കോടതിയുമായി പ്രവർത്തിച്ച് പൊലീസിനെ നോക്കുകുത്തിയാക്കിയെന്നും സതീശൻ കുറ്റപ്പെടുത്തി.
എം.എൽ.എയുടെ വധശ്രമ പരാതിയിൽ സത്വര നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, കെ.കെ. രമ എന്നിവരും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.