കോഴിക്കോട്: നഗരവാസികൾ ഇപ്പോഴും കുളിക്കാൻ ഉപയോഗിക്കുന്ന രണ്ട് കുളങ്ങളും പരിസരവും കുളപ്പുരകൾെകട്ടി നവീകരിക്കാനുള്ള നടപടി തുടങ്ങി. കുറ്റിച്ചിറയിലെയും തളിയിലെയും പൈതൃക സംരക്ഷണ ഭാഗമായാണ് കുളങ്ങൾക്ക് സമീപം നവീകരണ പ്രവൃത്തി ആരംഭിച്ചത്. രണ്ട് കുളങ്ങളിലും ദിവസവും ഏറെപേർ ഇപ്പോഴും കുളിക്കാനെത്തുന്നു. തളി, കുറ്റിച്ചിറ പൈതൃക പദ്ധതി ഭാഗമായാണ് രണ്ട് കുളങ്ങൾക്ക് സമീപവും പ്രവൃത്തികൾ ആദ്യഘട്ടമായി ആരംഭിച്ചത്. കുറ്റിച്ചിറയിൽ പദ്ധതിഭാഗമായി പഴയ രീതിയിലുള്ള കുളപ്പുര കുളത്തിന് തെക്കാണ് വരിക. ഇപ്പോഴുള്ള പവലിയൻ നവീകരിക്കുന്നതിനൊപ്പം വടക്ക് ഭാഗത്ത് ഇത്തരം മൂന്നെണ്ണം കൂടി പണിയും.
കുളത്തിെൻറ പടവുകളും തൊട്ടടുത്ത വായനാശാലയുമെല്ലാം നവീകരിക്കും. തളിയിലെ പഴയ ആൽത്തറ നവീകരിക്കും. ഇരിപ്പിടം, പവലിയൻ, കുളപ്പുര, ഉദ്യാനം, ലൈബ്രറി എന്നിവയൊരുക്കും. രണ്ട് കുളങ്ങളുടെയും സമീപം ൈപതൃകങ്ങൾ കാണിക്കുന്ന ചെറിയ മ്യൂസിയം പണിയും. മിഠായി തെരുവിലെ പോലെ രണ്ട് കുളങ്ങൾക്ക് സമീപവും ചരിത്രവും പൈതൃകവും കഥകളും പറയുന്ന ചിത്രങ്ങൾ വരക്കും. കുറ്റിച്ചിറയിലെ പഴയ തറവാട് വീടുകളിലൊന്ന് ഏറ്റെടുത്ത് മ്യൂസിയം സ്ഥാപിക്കുന്നകാര്യം ആലോചനയിലുണ്ട്.
തങ്ങൾസ് റോഡിൽ ഇത്തരമൊരു വീട് പരിഗണിക്കുന്നുണ്ട്. രണ്ട് കുളങ്ങൾക്കും സമീപമുള്ള ചെറിയ റോഡുകളുടെ നവീകരണവും പദ്ധതിയിലുണ്ട്. കുറ്റിച്ചിറയുടെ പ്രത്യേകതയായ കേരളീയ-ഇസ്ലാമിക വാസ്തു ശിൽപകലയുടെ സംഗമം പുതിയ നിർമാണത്തിലും കൊണ്ട് വരികയാണ് ലക്ഷ്യം. വിനോദ സഞ്ചാര വകുപ്പിനെ ഒരുകോടിയും എം.കെ.മുനീർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 75 ലക്ഷവും ഉപയോഗിച്ചാണ് നവീകരണം. എൻ.ഐ.ടി.യിലെ ആർകിടെക്ചർ ആൻഡ് പ്ലാനിങ് വകുപ്പ് തയാറാക്കിയ മാതൃക ജില്ല നിർമിതി കേന്ദ്രത്തിെൻറ മേൽ നോട്ടത്തിൽ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. കുറ്റിച്ചിറയിൽ ഡോ.എം.കെ. മുനീറിെൻറയും തളിയിൽ എ. പ്രദീപ് കുമാർ എം.എൽ.എയുടെയും ഫണ്ട് ഉപയോഗിച്ച് നേരത്തേ നവീകരണപദ്ധതികൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.