ഗവർണറുടെ മാധ്യമവിലക്ക് ജനാധിപത്യ നിഷേധമെന്ന് പത്രപ്രവർത്തക യൂണിയൻ

വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ കേരള ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ ). മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിതെന്ന് യൂണിയൻ ചൂണ്ടികാട്ടി.

മീഡിയാവൺ, കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ ടിവി എന്നീ ചാനലുകളെയാണ് വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയത്. ഗവർണർ തന്നെ നിർദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയിൽ നൽകിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയിൽ.

ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവൻ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടർന്നാൽ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാൻ നിർബന്ധിതരാകുമെന്നും കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.

കേരളത്തിലെ മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണ്. തൊഴിലിന്റെ ഭാഗമായി വാർത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരെ വേഷം മാറിവരുന്ന വ്യാജന്മാർ എന്ന തരത്തിൽ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരുടെയും കേഡർമാരല്ല. അത്യന്തം ദൗർഭാഗ്യകരമായ ഈ പ്രസ്താവന പിൻവലിക്കണമെന്നും കെ യു ഡബ്ള്യു ജെ ആവശ്യപ്പെട്ടു.

രാഷ്ട്രീയമടക്കം വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മാധ്യമങ്ങളിൽ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ.

റിപ്പോർട്ടിംഗിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവർത്തകർക്കിടയിലെ ഈ ഐക്യം തകർക്കാനുളള നീക്കമായിട്ടാണ് ഈ നീക്കങ്ങളെ വിലയിരുത്താനാകുക. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ യോജിച്ചു നിന്ന് പോരാടുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - KUWJ says Governor's media ban is a denial of democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.