കോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കെ.വി മാത്യുവും ജോസഫ് കുര്യനും തിരിച്ചടിയായി രേഖകളെന്ന് കലക്ടറുടെ റിപ്പോർട്ട്. ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ ഭൂമി കൈമാറ്റം ചെയ്തതിന് കെ.വി മാത്യു കോടതയിൽ ഹാജരാക്കിയത് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണെന്ന വാദം കലക്ടർ തള്ളിക്കളിഞ്ഞില്ല. മാരിമുത്തു കന്തസ്വാമിയുടെ മകനാണെന്ന വാദം കലക്ടർ അംഗീകരിച്ചതോടെ പുതിയൊരു നിയമപ്രശ്നം ഉയർന്നുവരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനസ്ഥാപനവും നിയമപ്രകാരം 1986 ജനുവരി 24 നു ശേഷം ആദിവാസിയിൽ നിന്ന് ആദിവാസി ഇതര വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഭൂമി കൈമാറാൻ കഴിയില്ല. ആ കൈമൈറ്റം നിയിമവിരുദ്ധമാണ്. മാരിമുത്തുവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ് പ്രകാരം അദ്ദേഹം ആദിവാസിയാണ്. ആദിവാസിയായ രാമിയുടെ മകനാണ് മാരിമുത്തുവെന്ന് കലക്ടറും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കോടതിയിൽ മാരിമുത്തു ആദിവാസിയാണെന്ന യാഥാർഥ്യം മറച്ചുവെച്ചാണ് കെ.വി.മാത്യു ഭൂമി തീറ് നൽകുന്നതിന് ഉത്തരവ് വാങ്ങിയത്.
1999 ലെ നിയമത്തിലെ വ്യവസ്ഥ ലംഘിക്കാൻ കോടതി ഉത്തരവ് വഴി കഴിയില്ല. കെ.വി മാത്യുവിന്റെ ആധാരം 1999 ലെ നിയമം പ്രകാരം റദ്ദ് ചെയ്യേണ്ടിവരും. നഞ്ചിയമ്മയുടെ ഭൂമിയല്ലാതെ മാരിമുത്തുവിൽ നിന്ന് അഗളി വില്ലേജിൽ മറ്റൊരു 40 സെൻറ് ഭൂമിയും കെ.വി മാത്യു ആധാര പ്രകാരം തട്ടിയെടുത്തുവെന്ന് മാരിമുത്തു വെളിപ്പെടുത്തിയിരുന്നു. നിയമപ്രകാരം ആ 40 സെൻറ് ഭൂമിക്ക് കെ.വി മാത്യൂവിന്റെ പേരിലുള്ള ആധാരവും അസാധുവാകും..
നഞ്ചിയമ്മയുടെ കുടുംബ ഭൂമി സംബന്ധിച്ച് കലക്ടർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടും അട്ടപ്പാടിയിലെ ട്രൈബൽ താലൂക്ക് തഹസിൽദാർ അത് അംഗീകരിക്കാൻ തയാറല്ല. കലക്ടറുടെ അന്വേഷണ റിപ്പോർട്ടും മറികടന്നാണ് ജോസഫ് കുര്യന് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ തഹസിൽദാർ അഗളി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയത്. ഇക്കാര്യവും പാലക്കാട് കലക്ടറുടെ അന്വേഷണ പരിധിയിലാണ്. കെ.വി മാത്യുവിനെ അവകാശമില്ലാത്ത ഭൂമിയിൽനിന്നാണ് 50 സെ ന്റ് അദ്ദേഹം ജോസഫ് കുര്യന് തീറു നൽകിയത്. ടി.എൽ.എ കേസിലെ വിചാരണ തുടരുന്ന ഭൂമിയിലാണ് ജോസഫി കുര്യൻ പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതി വാങ്ങിയത്.
കെ.വി മാത്യുവിന്റെ ആധാരം അസാധുവായാൽ ജോസഫ് കുര്യന്റെ ആധാരവും സ്വാഭാവികമായി അസാധുവാകും.ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിൻബലത്തിൽ പൊലീസ് സംരക്ഷണയിൽ ഭൂമി പിടിച്ചെടുക്കും. നഞ്ചയിമ്മയുടെ കുടുംബ ഭൂമിയുടെ കാര്യത്തിൽ ഈ നീക്കത്തിനാണ് കലക്ടറുടെ റിപ്പോർട്ട് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.