ന്യൂഡൽഹി: കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് ചാടിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ തങ്ങളുടെ അതൃപ്തി അറിയിച്ചു. ബി.ജെ.പിക്കെതിരെ മതേതരശക്തികളുടെ ഐക്യത്തിനും യോജിപ്പിനുംവേണ്ടി സി.പി.എം ദേശീയതലത്തിൽ ശ്രമം നടത്തുന്ന വേളയിൽ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കുന്നത് ശരിയല്ലെന്ന് ദേശീയ നേതൃത്വം യെച്ചൂരിയെ ധരിപ്പിച്ചു.
കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിന് പോകുമെന്ന് തോമസ് വാർത്തസമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെ കോൺഗ്രസിന്റെ രണ്ടു മുതിർന്ന ദേശീയ നേതാക്കളാണ് സീതാറാം യെച്ചൂരിയുമായി ഡൽഹിയിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇത്തരമൊരു നീക്കത്തെ പിന്തുണക്കരുതെന്ന് യെച്ചൂരിയോട് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
തോമസിനെ പിടിക്കാൻ നടത്തിയ നീക്കമാണ് സി.പി.എം പാർട്ടി കോൺഗ്രസിനുള്ള ക്ഷണമെന്ന് മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. ക്ഷണം തോമസ് സ്വീകരിക്കരുതായിരുന്നു. കോൺഗ്രസിൽ ഏറ്റവും കൂടുതൽ സ്ഥാനവും അധികാരവും ലഭിച്ചശേഷം തോമസ് ഇത്തരത്തിൽ ഒരു നീക്കം നടത്തരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.