തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധ സ്വരം കടുപ്പിച്ച് കേരളം ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കി. നേരേത്ത തയാറാക്കിയ പ്രമേയം മാറ്റിവെച്ച് അഡ്മിനിസ്ട്രേറ്ററെയും സംഘ്പരിവാറിനെയും കടന്നാക്രമിക്കുന്ന പുതിയ പ്രമേയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ കൂടി അംഗീകരിച്ചശേഷം പ്രമേയം ഐകകണ്ഠ്യേന പാസാക്കി.
തെങ്ങുകളില്‍ കാവിനിറം പൂശി ആരംഭിച്ച നടപടി ഇപ്പോൾ ദ്വീപ് ജനതയുടെ ആവാസവ്യവസ്ഥയെയും ജീവിതത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് വളർന്നുകഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരേത്ത സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റി. ഇത് എഴുതിയവരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങൾ അത്യപൂർവമായ ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിച്ചു. പ്രതിഷേധങ്ങൾ നേരിടുന്നതിന് മുൻകൂട്ടിയുള്ള തയാറെടുപ്പുകളുണ്ടായി. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ വികസിച്ചു.
ഗോവധ നിരോധനമെന്ന സംഘ് അജണ്ട പിൻവാതിലിലൂടെ നടപ്പാക്കുകയാണ്. രണ്ട് കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന സമീപനം കേട്ടുകേൾവി പോലുമില്ലാത്തതാണ്. ലക്ഷദ്വീപിലെ പ്രവർത്തനങ്ങൾ സംഘ്പരിവാർ അജണ്ടയുടെ പരീക്ഷണശാലയായാണ് കാണേണ്ടത്. ജനതയെ കോർപറേറ്റ് താൽപര്യങ്ങൾക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് ഉയരണം. അഡ്മിനിസ്ട്രേറ്ററെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കണം. ലക്ഷദ്വീപുകാരുടെ സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തുനിന്ന് അനൂപ് ജേക്കബ്, എം. ഷംസുദ്ദീൻ, പി.ടി. തോമസ് എന്നിവരാണ് ഭേദഗതികള്‍ നിർദേശിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ മുഴുവന്‍ ഉത്തരവുകളും റദ്ദ് ചെയ്യാൻ ആവശ്യപ്പെടണമെന്ന എം. ഷംസുദ്ദീെൻറ നിർദേശം, വിവാദമായ മുഴുവന്‍ ഉത്തരവുകളും റദ്ദ് ചെയ്യണമെന്നാക്കി ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലക്ഷദ്വീപിനെ പരീക്ഷണശാലയാക്കിക്കൊണ്ട് കിരാത നിയമങ്ങൾ രാജ്യം മുഴുവൻ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം ഡ്രാക്കോണിയൻ നിയമങ്ങളെ രാജ്യം അറബിക്കടലിൽ എറിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും കേന്ദ്രസർക്കാർ കശാപ്പ് ചെയ്യുകയാണ്. അവകാശത്തിെൻറയും സംസ്കാരത്തിെൻറയും കാവലാളാകേണ്ട ഭരണകൂടം അടിച്ചമർത്തലിെൻറ പ്രതിരൂപമായി മാറുന്നു. നിങ്ങൾ എന്ത് ഭക്ഷണം കഴിക്കുമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന ധിക്കാരമായ നിലപാടാണ് അഡ്മിനിസ്ട്രേറ്റർക്കുള്ളത്.
ഇത് സംഘ്പരിവാർ അജണ്ടയാണ്. ജനാധിപത്യസംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽപറത്തി ഒരു ഭരണകൂടത്തിന് എന്തുമാകാമെന്ന ധാർഷ്ഠ്യവുമാണ് ഇത്തരം നടപടികൾക്കു പിന്നിൽ. കിരാതനടപടികൾക്ക് കൂട്ടുനിന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം. സംഘ്പരിവാർ രാഷ്ട്രീയത്തെ മുളയിലേ നുള്ളിയില്ലെങ്കിൽ ഭാവി ജീവിതത്തിനും ജനാധിപത്യത്തിനും ഭരണഘടനക്കും മതേതരത്തിന്മേലുള്ള കടയ്ക്കൽ കത്തിവെക്കലാകും.
കൊച്ചി: ഐക്യദാർഢ്യപ്രമേയം പാസാക്കിയ കേരള നിയമസഭക്ക് നന്ദി അറിയിച്ച് ലക്ഷദ്വീപ് ജില്ല പഞ്ചായത്തും കോൺഗ്രസ് ലക്ഷദ്വീപ് കമ്മിറ്റിയും കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കാണ് കത്തയച്ചത്. ജില്ല പഞ്ചായത്ത് ചീഫ് കൗൺസിലർ ഹസൻ ബൊഡുമുകഗോത്തി അയച്ച കത്തിൽ, പ്രതിഷേധങ്ങൾക്ക് ഭാവിയിലും കേരളത്തിെൻറ പിന്തുണ അഭ്യർഥിച്ചു.
ലക്ഷദ്വീപ് ജനതയുടെ പ്രതിസന്ധികൾ മനസ്സിലാക്കി പിന്തുണ നൽകുന്ന നിയമസഭക്കും പൊതു സമൂഹത്തിനും നന്ദി അറിയിക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡൻറ് ഹംദുല്ല സെയ്ത് പറഞ്ഞു. പ്രമേയം തങ്ങളുടെ പ്രയാണത്തിന് ഊർജം പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും നന്ദി അറിയിച്ചു. കേരളത്തിെൻറ പിന്തുണക്ക് ലക്ഷദ്വീപ് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യു.സി.കെ. തങ്ങളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.