കൊച്ചി: ഇശാൽമറിയം ചെറുതായൊന്ന് അനങ്ങുന്നതുപോലും ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ് മാതാപിതാക്കളായ ലക്ഷദ്വീപ് കടമത്ത് സ്വദേശി കൊട്ടാരം പി.കെ. നാസറും ഭാര്യ ഡോ. എം. ജസീനയും. നാലുമാസം മാത്രം പ്രായമായ മോളൊന്ന് കരഞ്ഞാൽ അവരുടെ ഹൃദയമിടിപ്പ് ഇരട്ടിയാകും. ചെറിയ കരച്ചിൽപോലും ശ്വാസം നിലക്കുന്ന അവസ്ഥയിലേക്ക് കുഞ്ഞിനെ നയിക്കുമെന്നതാണ് കാരണം. പിച്ചവെച്ച് നടക്കാൻ പ്രായമാകും മുേമ്പ കൈകാലുകളുടെ ചലനശേഷി ഇല്ലാതാകുന്ന അപൂർവങ്ങളിൽ അപൂർവമായ രോഗമാണ് ഇശാൽ മറിയത്തിന്.
കേരളമൊന്നാകെ ചികിത്സാ സഹായത്തിന് കൈകോർത്ത കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദിന് വന്ന അതേ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ)യാണ് കടമത്ത് ദ്വീപിെൻറ പൊന്നുമോൾക്ക്. അമേരിക്കയിൽനിന്ന് എത്തിക്കേണ്ട 16 കോടി രൂപയുടെ സോൾജൻസ്മ (ജീൻ റീപ്ലേസ്മെൻറ് തെറപ്പി) ഇൻജക്ഷൻ തന്നെയാണ് ഇശാൽ മറിയത്തിനും ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഗുരുതര എസ്.എം.എ ടൈപ് വൺ ആണ് കുട്ടിയുടെ രോഗാവസ്ഥ.
ജനനശേഷം ഒരു മാസമായപ്പോഴാണ് കുഞ്ഞിെൻറ കൈകാലുകൾക്ക് േശഷി കുറയുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ ബംഗളൂരുവിലെത്തി പരിശോധനകൾ നടത്തിയപ്പോഴാണ് രോഗവിവരം വ്യക്തമായത്. കുഞ്ഞിെൻറ ശരീരത്തിന് ചലനശേഷി നഷ്ടമാകുകയും മാംസ പേശികൾ ഓരോന്നായി നശിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. ബംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ഒന്നര വയസ്സിനുള്ളിൽ ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതിനാൽ ആറുമുതൽ ഏഴ് മാസത്തിനുള്ളിൽ തുക കണ്ടെത്തണം. ബംഗളൂരു വിദ്യാരന്യപുരയിലണ് നാസറും കുടുംബവും താമസിക്കുന്നത്. ഇവിടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നാസർ.
ലക്ഷദ്വീപ് കടമത്ത് പഞ്ചായത്തിെൻറ നേതൃത്വത്തിലും കഴിയും വിധം സഹായം ലഭ്യമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ദ്വീപ് വില്ലേജ് ചെയർപേഴ്സൻ മുഹമ്മദ് അജ്മീർഖാൻ 'മാധ്യമ'ത്തോട് പറഞ്ഞു. കുഞ്ഞിെൻറ ജീവൻ തിരിച്ചുപിടിക്കാൻ ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ നാസറിനോ കുടുംബത്തിനോ കഴിയില്ല. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കുഞ്ഞിെൻറ ജീവനായി പ്രാർഥനയും ചികിത്സയുമായി മുന്നോട്ടുപോകുകയാണ് തങ്ങളെന്ന് പി.കെ. നാസർ പറഞ്ഞു.
ഇതിനായി ആക്സിസ് ബാങ്കിന്‍റെ ബംഗളൂരു ഹെന്നൂർ ശാഖയിൽ നാസർ പി.കെയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 915010040427467. ഐ.എഫ്.എസ്.സി - UTIB0002179. ഗൂഗിൾ പേ- 8762464897, 9480114897.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.