ഭൂമി തരംമാറ്റൽ അപേക്ഷ: കാലതാമസം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ യോഗം

തിരുവനന്തപുരം: ഭൂമി തരംമാറ്റൽ അപേക്ഷകളുടെ കാലതാമസം പരിശോധിക്കാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുന്നു. പാർട്ടി കോൺഗ്രസിന് ശേഷം ഏപ്രിൽ 20 നോടടുപ്പിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന യോഗം വിളിക്കാനാണ് തീരുമാനം. 2022 ജനുവരി 31ന് മുമ്പുവരെ ലഭിച്ച അപേക്ഷകൾ ആറ് മാസത്തിനകം തീർപ്പാക്കുമെന്ന റവന്യൂ വകുപ്പിന്‍റെ പ്രഖ്യാപനത്തിന് ഇപ്പോഴും ഒച്ചിന്‍റെ വേഗമാണ്. സംസ്ഥാനത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ഇതുസംബന്ധിച്ച് വ്യാപക പരാതികളും ഉയർന്നിട്ടുണ്ട്.

ഇക്കാര്യം ഗൗരവമായി കണ്ടാണ് അപേക്ഷകളിൽ എത്രയുംവേഗം തീർപ്പുണ്ടാക്കാൻ മുഖ്യമന്ത്രി അടിയന്തരയോഗം വിളിക്കാൻ തീരുമാനിച്ചത്. യോഗം ഉറപ്പായതോടെ ആർ.ഡി.ഒ ഓഫിസുകളിലെ ഫയലുകൾ സംബന്ധിച്ച സ്ഥിതിവിവരം റവന്യൂ വകുപ്പ് ശേഖരിച്ചുതുടങ്ങി. രണ്ടാം പിണറായി സർക്കാറിന്‍റെ നൂറുദിന പരിപാടിയിൽ ഉൾപ്പെട്ട പല പ്രഖ്യാപനങ്ങളും മുന്നോട്ടുപോയിട്ടും ഭൂമി തരംമാറ്റൽ അപേക്ഷകൾ മെെല്ലപ്പോക്കിലാണ്. ഒന്നേകാൽ ലക്ഷത്തോളം അപേക്ഷകളാണ് റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ തീർപ്പ് കാത്തുകിടക്കുന്നത്.

തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്നടക്കം ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും നിയമിച്ചിരുന്നു. എന്നിട്ടും വേണ്ടത്ര വേഗം കൈവരിക്കാനായിട്ടില്ല. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി ആർ.ഡി.ഒ ഓഫിസുകളിൽ നടപടികൾ വൈകിപ്പിക്കുന്നുവെന്ന പരാതികളും ഏറെയാണ്. നിസ്സാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അപേക്ഷകൾ തീർപ്പാക്കുന്നില്ലെന്ന് പരാതിയുണ്ട്.

ചെറിയ അളവിൽ ഭൂമിയുള്ളവർക്ക് മുൻഗണനാക്രമം ഒഴിവാക്കി പ്രത്യേകസൗകര്യം ഒരുക്കുമെന്ന് റവന്യൂ മന്ത്രിയും പറഞ്ഞിരുന്നു. അക്കാര്യത്തിലും വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. പല വില്ലേജ് ഓഫിസുകളിലും ദിവസംതോറും 300 മുതൽ 500 വരെ പുതിയ അപേക്ഷകൾ ലഭിക്കുന്നുണ്ട്. ജനുവരി 31ന് ശേഷമുള്ള അപേക്ഷകൾ പൂർണമായും ഓൺലൈനിലാണ്. നേരിട്ട് കിട്ടിയ അപേക്ഷകൾ തന്നെ തീർപ്പാകാത്തതിനാൽ ഓൺലൈൻ അപേക്ഷകളുടെ കാര്യത്തിൽ നടപടി ആരംഭിച്ചിട്ടില്ല. 2021 ഫെബ്രുവരി 25ലെ മന്ത്രിസഭയോഗം 25 സെന്‍റുവരെയുള്ള ഭൂമിക്ക് സൗജന്യം അനുവദിച്ചതോടെയാണ് അപേക്ഷകളുടെ എണ്ണവും ക്രമാതീതമായി വർധിച്ചത്. 94,000 അപേക്ഷകളാണ് ഒറ്റയടിക്ക് കൂടിയത്. നേരേത്ത അഞ്ച് സെന്‍റിനും 10 സെന്‍റിനും സ്ലാബ് അനുസരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്. കോർപറേഷൻ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവക്കും വെവ്വേറെ ഫീസായിരുന്നു. അതാണ് 25 സെന്‍റുവരെ സൗജന്യമാക്കിയത്. 

Tags:    
News Summary - Land grading application: CM meeting to check delays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.