തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതി സംവാദത്തിനു വീണ്ടും തുടക്കമിട്ട ബജറ്റ് നിർദേശത്തോട് മുഖം തിരിച്ച് സി.പി.ഐ. തോട്ടവിളകളിൽ പഴവർഗ കൃഷികൾ കൂടി ഉൾപ്പെടുത്തണമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലേഗാപാൽ പ്രഖ്യാപിച്ചത്.
അതേസമയം, ഈ നിർദേശം പുതിയതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.ഐക്കുള്ളിൽ 2019ൽ നടന്ന ചർച്ചയിലും രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിലെ നിർദേശത്തിന്റെയും തനിയാവർത്തനം മാത്രമാണ് തോട്ടവിളകളെ സംബന്ധിച്ച് പുതിയ ബജറ്റിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 'പഴവർഗ കൃഷികൾ ഉൾപ്പെടെ തോട്ടത്തിന്റെ ഭാഗമാക്കിയുള്ള കാലോചിതമായ ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരണ'മെന്നാണ് ബജറ്റ് നിർദേശം. രണ്ടാം പിണറായി സർക്കാറിന്റെ 2021 ജൂണിലെ ആദ്യ ബജറ്റിലും സമാന നിർദേശമാണുള്ളത്.
'പരമ്പരാഗത തോട്ടവിളകൾക്കു പുറമേ, പുതിയയിനം ഫലവർഗങ്ങൾ കൃഷിചെയ്യണം, ഇതിനായി നയം രൂപവത്കരിച്ച് ആറു മാസത്തിനകം പദ്ധതി തയാറാക്കും -എന്നും വ്യക്തമാക്കുന്നു. ആറു മാസമായിട്ടും ഇതിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് തോട്ടം മേഖലയിലെ ആക്ഷേപം. ഒന്നാം പിണറായി സർക്കാറിൽ കൃഷി വകുപ്പിന്റേതായി തോട്ടം മേഖലയിൽ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ കൊണ്ടുവന്നിരുന്നു.
തോട്ടഭൂമിയുടെ 30-40 ശതമാനം വരെ ഒഴിഞ്ഞു കിടക്കുന്നയിടത്ത് ഫലവർഗങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന നിർദേശം. എന്നാൽ, മന്ത്രിസഭയിൽ വരുന്നതിനു മുന്നേ സി.പി.ഐ സംസ്ഥാന നിർവാഹക സമിതിക്ക് സമർപ്പിച്ച നിർദേശം നേതൃത്വം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.