കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിവിൽപനയിൽ കോടികളുടെ നഷ്ടമുണ്ടായതിനെക്കുറിച്ച് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് കത്ത്. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ വി.ജെ. ഹൈസിന്തിെൻറ പേരിൽ ഒരു കൂട്ടം വിശ്വാസികളാണ് കത്തയച്ചത്.
നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്ന ഭൂമിവിൽപനയിൽ ആർച് ബിഷപ്പിനെ മാറ്റിനിർത്തി പ്രത്യേക കമീഷനെ വെച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. ഭൂമി ഇടപാടിെൻറ വിശദാംശങ്ങളെല്ലാം കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായമെത്രാന്മാരുടെ അനുമതിയില്ലാതെ നടന്ന ഭൂമി ഇടപാടുകൾ കാനോനിക നിയമങ്ങളുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു. കർദിനാളിനുമേൽ മാർപാപ്പക്ക് മാത്രമാണ് അധികാരമെന്നതിനാലാണ് കത്തയച്ചതെന്ന് ഹൈസിന്ത് പറഞ്ഞു. സഭ നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ടത് കർദിനാളിനുതന്നെ ആയതിനാൽ അതിെൻറ സത്യസന്ധതയിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 കോടിയുടെ കടം വീട്ടാൻ 75 കോടിയോളം വില വരുന്ന ഭൂമി 28 കോടിക്ക് വിൽക്കുകയും ഇതിൽ 19 കോടി ബാക്കി കിട്ടാനിരിേക്ക ഭൂമി ആധാരം ചെയ്ത് നൽകുകയും ചെയ്ത മാർ ജോർജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്.
അതിരൂപതക്ക് കോടികളുടെ നഷ്ടമുണ്ടാക്കി കൂടുതൽ സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ചവർ എത്ര ഉന്നതരായാലും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ രംഗത്തുവന്നിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രം വിനിയോഗിക്കാൻ വിദേശ മിഷണറി സംഘം കൈമാറിയ ഭൂമിപോലും കരാർ ലംഘിച്ച് വിൽക്കുകയായിരുന്നു. എന്നാൽ, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടനിലക്കാരൻ കരാർ ലംഘിച്ച് ഭൂമി 36 പേർക്കായി വിറ്റു എന്നാണ് അതിരൂപതയുടെ നിലപാട്. ഇതിനിടെ, വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നതിന് വൈദികർക്ക് വിലക്ക് ഏർപ്പെടുത്തിയതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.