മൂന്നാർ: മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റിൽ പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി മൂന്ന് കടയും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ഉറങ്ങിക്കിടന്ന 450ഓളം പേർ തലനാരിഴക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. മൂന്നാർ ടൗണിൽനിന്ന് 13 കിലോമീറ്റർ അകലെ മാട്ടുപ്പെട്ടി ഡാമിനും കുണ്ടള ഡാമിനുമിടയിലാണ് ഉരുൾപൊട്ടിയത്. ഏകദേശം ഒരു കിലോമീറ്റർ മുകളിൽനിന്ന് തുടങ്ങിയ ഉരുള്‍പൊട്ടലില്‍ വന്ന പാറക്കൂട്ടങ്ങളും വലിയ മരങ്ങളും റോഡിൽ തടഞ്ഞുനിന്നതിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്. വെള്ളിയാഴ്ച അർധരാത്രിയോടെ ലയങ്ങളിലുള്ളവരെല്ലാം ഉറങ്ങാൻ കിടന്നതിന് ശേഷമാണ് ഉരുൾപൊട്ടലുണ്ടായത്.
മൂന്നാറില്‍നിന്നു വട്ടവടയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് ആദ്യം അപകടം കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങി അടുത്തുള്ള വീടുകളില്‍ താമസിച്ചിരുന്നവരെ വിവരമറിയിച്ചതോടെ ഇവിടെനിന്ന് എല്ലാവരും ഉടൻ മാറുകയായിരുന്നു. ഈ വീടുകളില്‍ താമസിച്ചിരുന്ന ബാക്കിയുള്ളവരെ കമ്പനി അധികൃതരും രക്ഷാപ്രവർത്തകരും ചേർന്ന് രാത്രി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മലവെള്ളപ്പാച്ചിലില്‍ ഇരച്ചെത്തിയ മണ്ണും കല്ലും മരങ്ങളുമെല്ലാം വന്നടിഞ്ഞ് മൂന്നാര്‍ -വട്ടവട റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡ് തകര്‍ന്നതോടെ വട്ടവട, കോവിലൂര്‍, ടോപ് സ്റ്റേഷന്‍ തുടങ്ങിയവ ഒറ്റപ്പെട്ടു. റോഡിന് തൊട്ടുതാഴെയാണ് 141 കുടുംബം താമസിക്കുന്ന ലയങ്ങളുള്ളത്. മൂന്നാറില്‍നിന്ന് അഗ്നിരക്ഷ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്ത് വീശുന്ന കാറ്റും ഇടക്കിടെ പെയ്യുന്ന മഴയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് തടസ്സമാകുന്നുണ്ട്.
ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, അഡ്വ. എ. രാജ എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.