നിലമ്പൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ താഴെയാണ് പന്ത് രൂപത്തിലായ ടാങ്ക് കണ്ടെത്തിയത്. വനത്തിലൂടെയുള്ള മലവെള്ള പാച്ചിലിലെ കുത്തൊഴുക്കിൽ ടാങ്ക് വേർപെട്ടതാവാം എന്നാണ് കരുതുന്നത്. ലോറിയുടെ മറ്റ് അവശിഷ്ടഭാഗങ്ങളൊന്നും സമീപത്തായി കണ്ടെത്തിയില്ല. കൂറ്റൻ പാറ കല്ലുകൾക്കും മരങ്ങൾക്കിടയിലൂടെയും കുത്തിയൊലിച്ച് ടാങ്ക് പാടെ ചുരുണ്ടിട്ടുണ്ട്. ചാലിയാറിലൂടെ കൂറ്റൻ മരങ്ങളും വാഹനങ്ങളുടെ ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഫർണിച്ചറും ഒഴുകി വന്നിരുന്നു. ബുധനാഴ്ചയാണ് വനം വകുപ്പും തണ്ടർബോൾഡും എമർജൻസി റെസ്ക്യൂ ഫോഴ്സും ചേർന്ന് ചാലിയാറിന്റെ ഏതാണ്ട് ഉദ്ഭവസ്ഥാനത്ത് തെരച്ചിൽ നടത്തിയത്. 12 ശരീരഭാഗങ്ങളാണ് ഇവിടെ വനമേഖലയിൽ നിന്നും സംഘം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.