കോട്ടയം: കെ.എം. മാണിയുടെ അവസാന അഭിമുഖം ‘മാധ്യമ’ത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. പാലായിലെ വസതിയിൽ രണ്ടുതവണ എത്തിയെങ്കിലും കട ുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഭിമുഖം പൂർത്തിയാക്കാനായിരുന്നില്ല. ശ്വാസംമ ുട്ടലിനെ തുടർന്ന് രണ്ടുതവണയും പാലാ മരിയൻ ആശുപത്രിയിലേക്ക് അദ്ദേഹത്തിന് പോ കേണ്ടിവന്നു.
ആദ്യദിവസം ശ്വാസം മുട്ടലിനൊപ്പം കൈക്കും തോളിനും ശക്തമായ വേദനയുണ്ട െന്നും പറഞ്ഞു. വളരെ ക്ഷീണിതനായിരുന്നു ഈ ദിവസങ്ങളിൽ. ഉടൻ വരാമെന്ന് പറഞ്ഞാണ് പോ യതെങ്കിലും കൂടുതൽ പരിശോധനകൾ വേണമെന്നതിനാൽ താമസിക്കുമെന്ന് പേഴ്സനൽ സ്റ്റ ാഫിലെ ഔസേപ്പച്ചൻ ഫോണിൽ വിളിച്ച് അറിയിച്ചു. മാണി സാറിനുവേണ്ടി ക്ഷമാപണവും നടത്തി. അഭിമുഖം മറ്റൊരു ദിവസം ആക്കാമെന്നും അറിയിച്ചു.
അങ്ങനെ മൂന്നാം തവണയാണ് അഭിമുഖം പൂർത്തീകരിക്കാനായത്. അന്നും അദ്ദേഹം അസ്വസ്ഥനായിരുന്നു. അഭിമുഖത്തിന് എത്തിയത് മകനും എം.പിയുമായ ജോസ് കെ. മാണിക്കൊപ്പവും. വസതിയിലെ ഓഫിസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. വസതിയിൽ എത്തുേമ്പാൾ മകനെ ചേർത്തിരുത്തി തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചചെയ്യുന്ന പിതാവിനെയാണ് കണ്ടത്.
പാലായിലെ പ്രദേശിക നേതാക്കളും കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സണ്ണി തെക്കേടവും അടുത്തുണ്ടായിരുന്നു. അരമണിക്കൂറോളം അവരുടെ ചർച്ച നീണ്ടു. തുടർന്ന്, എന്നെ പേരെടുത്ത് വിളിച്ചു. വിവാദങ്ങൾക്കൊന്നും താനില്ലെന്ന മുഖവുരയോടെയായിരുന്നു തുടക്കം. പലപ്പോഴും വാക്കുകൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടി. പല ചോദ്യങ്ങൾക്കും മറുപടി നൽകാൻ സഹായിച്ചത് മകനായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം യു.ഡി.എഫ് വൻ ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു.
ഇതിനിടെ ചായ കൊണ്ടുവരാനും നിർദേശിച്ചു. എഴുതരുതെന്ന് പറഞ്ഞതിനാൽ പലതും ഒഴിവാക്കേണ്ടി വന്നു. പല ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. പറഞ്ഞ കാര്യങ്ങൾ വീണ്ടും വായിച്ച് കേൾപ്പിക്കണമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ട്. ഇത്തവണയും അത് ആവർത്തിച്ചു. പാർട്ടിയിലെ ഭിന്നതകളെക്കുറിച്ചോ ബാർ കോഴ ആരോപണത്തെക്കുറിച്ചോ പ്രതികരിച്ചില്ല. കേരള കോൺഗ്രസുകളുടെ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മറ്റ് ഗ്രൂപ്പുകളെല്ലാം കടലാസ് സംഘടനകളാണെന്നായിരുന്നു മറുപടി. യഥാർഥ കേരള കോൺഗ്രസ് തങ്ങളുടേതാണെന്നും പറഞ്ഞു.
‘ഐക്യം’ വീണ്ടും ആവർത്തിച്ചപ്പോൾ അതങ്ങനെ നിൽക്കട്ടെ എന്നായിരുന്നു മറുപടി. ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം സംസാരം നീണ്ടു. ഇതിനിടയിലും വിവിധ ആവശ്യങ്ങളുമായി നിരവധി പേർ പാലാ കരിേങ്ങാഴയ്ക്കൽ വീട്ടിലെത്തിയിരുന്നു. എല്ലാവരെയും പ്രത്യേകമായി വിളിച്ചും തോളിൽ കൈയിട്ടും സ്നേഹാന്വേഷണം നടത്തി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വിദേശത്ത് കുടുങ്ങിയ മകളുെട യാത്രാരേഖകൾ ശരിയാക്കാൻ സഹായം അഭ്യർഥിച്ച് എത്തിയ വീട്ടമ്മയുടെ കണ്ണീരൊപ്പാനും മാണി മറന്നില്ല. ജോസ് കെ. മാണിയോട് ഉടൻ എംബസിയിൽ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനായി നിർദേശം. വിഷയത്തിൽ ഭാര്യ കുട്ടിയമ്മയും ഇടപെട്ടിരുന്നു. അഭിമുഖം കഴിഞ്ഞിറങ്ങുേമ്പാഴും പാർട്ടി പ്രവർത്തകരും നേതാക്കളുമടങ്ങുന്ന വൻ സംഘം പ്രിയ നേതാവിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.